ADVERTISEMENT

കോട്ടയം∙ വെള്ളൂർ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്) രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമാണത്തിന് തയാറെടുക്കുന്നു. ഏപ്രിലോടെ 42 ജിഎസ്എം (ഗ്രാംസ് പെർ സ്ക്വയർ മീറ്റർ) പത്രക്കടലാസ് നിർമിക്കാനാണ് പദ്ധതി.  45 ജിഎസ്എം പത്രക്കടലാസാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്.  കെപിപിഎൽ ഇപ്പോൾ 11 പത്രസ്ഥാപനങ്ങൾക്ക് അച്ചടിക്കുള്ള പത്രക്കടലാസ് വിതരണം ചെയ്യുന്നുണ്ട്. ബിസിനസ് പത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന സാൽമൺ പിങ്ക് പത്രക്കടലാസും ഉൽപാദിപ്പിക്കുന്നുണ്ട്. 

രാജ്യാന്തര രംഗത്ത് ഏറെ ആവശ്യമുള്ള പാക്കേജിങ് ബോക്സ് നിർമാണത്തിനും പദ്ധതി തയാറാക്കുന്നുണ്ട്. വർഷം 1,80,000 ടൺ കടലാസാണ് ഇതിനായി ഉൽപാദിപ്പിക്കേണ്ടത്. രണ്ടു വർഷത്തിനുള്ളിൽ നടപ്പാകും. മാർച്ച് അവസാനത്തോടെ ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലേക്ക് (ബ്രേക്ക് ഈവൻ) കമ്പനി എത്തുമെന്നും അറിയുന്നു. തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ വൈകാതെ തുടങ്ങും. 

നോട്ടുബുക്കും പുസ്തകവും അച്ചടിക്കാൻ ഉപയോഗിക്കുന്ന 52-75 ജിഎസ്എം കടലാസിന്റെ നിർമാണവും ഉടൻ ആരംഭിക്കും. മൂന്നാം ഘട്ടം നടപ്പാകുന്നതോടെ 3,000 കോടി വിറ്റുവരവുള്ള കമ്പനി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുമെന്നാണ് വിലയിരുത്തൽ. നഷ്ടത്തിലായി മൂന്നു വർഷത്തോളം പ്രവർത്തനം മുടങ്ങി കേന്ദ്ര സർക്കാർ വിൽക്കാൻ വച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുത്താണ് സംസ്ഥാന സർക്കാർ കെപിപിഎൽ ആരംഭിച്ചത്.

‘‘നഷ്ടത്തിലായിരുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനത്തെ ഏറ്റെടുത്ത് മത്സര ക്ഷമമാക്കി മാറ്റിയതിൽ സന്തോഷമുണ്ട്. പദ്ധതി രേഖയിൽ പറഞ്ഞിരിക്കുന്നതു പോലെ സമയബന്ധിതമായി തന്നെയാണ് കമ്പനി പ്രവർത്തിക്കുന്നത്. പത്രക്കടലാസിനു പുറമേ മറ്റ് കടലാസും താമസിയാതെ കമ്പനി നിർമിക്കും’’– മന്ത്രി പി.രാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com