ADVERTISEMENT

കൊച്ചി ∙ നിർമാണ സാമഗ്രികളുടെ വില വർധന, വായ്പാ പലിശ വർധന, സ്റ്റാംപ് ഡ്യൂട്ടി വർധന,  ഇന്ധന സെസ്, സ്ഥലത്തിന്റെ ന്യായവില വർധന ....വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പെടാപ്പാടു പെടുകയാണ് സാധാരണക്കാർ.  സംസ്ഥാന ബജറ്റ് നികുതി നിർദേശങ്ങൾ കൂടി പ്രാബല്യത്തിൽ വരുന്നതോടെ കെട്ടിട നിർമാണച്ചെലവിൽ ചതുരശ്ര അടിക്കു ശരാശരി 500 – 700 രൂപ അധികച്ചെലവു വരുമെന്നാണ് ആശങ്ക. 

കുതിച്ച് സിമന്റ് വില

ഏതാനും മാസങ്ങൾക്കിടെ, കെട്ടിട നിർമാണ സാമഗ്രികളുടെ വിലയിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. സിമന്റ് വില 360 – 375 രൂപ നിരക്കിൽ നിന്നു കുതിച്ച് 400 – 415 നിലവാരത്തിലെത്തി. മണലിനു പകരം ഉപയോഗിക്കുന്ന എൻജിനീയേർഡ് സാൻഡിനും 5 – 10 %  വിലവർധനയുണ്ട്. പ്ലാസ്റ്ററിങ്ങിന് ഉപയോഗിക്കുന്ന പി – സാൻഡ് നിർമാണ സ്ഥലത്തെത്തുമ്പോൾ ക്യുബിക് അടിക്ക് ഏകദേശം 84 രൂപയാകും. സാധാരണ എം സാൻഡ് ക്യുബിക് അടിക്കു 64 രൂപ. ക്വാറി ഉൽപന്ന ലഭ്യത കുറഞ്ഞതാണു മറ്റൊരു പ്രതിസന്ധി. കമ്പിയുടെ വിലയിൽ വലിയ ഏറ്റക്കുറച്ചിൽ ഇല്ല. കിലോഗ്രാമിന് 73 – 79 രൂപ നിരക്ക്. പൈപ്പ്, ഇലക്ട്രിക്കൽ ഫിറ്റിങ്സ് വിലകളിലും ചുരുങ്ങിയത് 5 % വർധനയുണ്ട്. (വിലകളിൽ പ്രാദേശികമായി ഏറ്റക്കുറച്ചിലുണ്ടാകും)

ഇരുട്ടടിയായി ബജറ്റ് നിർദേശം

ബജറ്റ് നിർദേശങ്ങളുടെ രൂപത്തിലാണ് അടുത്ത ഇരുട്ടടി. സ്ഥലത്തിന്റെ ന്യായവിലയിൽ 20 % വർധന. സ്റ്റാംപ് ഡ്യൂട്ടി 5 % ൽ നിന്ന് 7 %. സ്ഥലം വിലയ്ക്കു വാങ്ങി വീടു വയ്ക്കുന്ന ബഹുഭൂരിപക്ഷം പേർക്കും നികുതി വർധന ഭാരം തന്നെ. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഇതു വലിയ തിരിച്ചടിയാണ്. പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയതിന്റെ ഭാരവും പാർപ്പിട നിർമാണ മേഖല താങ്ങേണ്ടി വരും. ഒട്ടെല്ലാ നിർമാണ വസ്തുക്കൾക്കും വേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതു മൂലമുള്ള അധികച്ചെലവിനു പുറമേ ഇന്ധന സെസ് കൂടിയാകുമ്പോൾ കടത്തു കൂലിയിൽ വർധനയുണ്ടാകും.  

വായ്പ പൊള്ളുന്നു

ബഹുഭൂരിപക്ഷം പേരും പാർപ്പിടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ആശ്രയിക്കുന്ന വായ്പകളും തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലാണ്. പ്രമുഖ പൊതുമേഖലാ ബാങ്ക് ഭവന വായ്പയ്ക്ക് ഈടാക്കുന്നത് 9.30 %.  പലിശ. കഴിഞ്ഞ മേയിൽ ഇത് 6.8 % മാത്രം. 20 വർഷ കാലാവധിയിൽ 25 ലക്ഷം രൂപ വായ്പയെടുത്തയാളുടെ പ്രതിമാസ ഇഎംഐയിൽ 3,895 രൂപ വർധനയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com