സ്ഥിരനിക്ഷേപ പലിശ കൂട്ടി എസ്ബിഐ
Mail This Article
ന്യൂഡൽഹി∙ 2 കോടി രൂപയിൽ താഴെയുള്ള നിശ്ചിത കാലാവധികളിലെ സ്ഥിരനിക്ഷേപങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശ വർധിപ്പിച്ചു. ഒരു വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശകളിലാണ് മാറ്റം. പുതിയ നിക്ഷേപങ്ങൾക്കോ, നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതുക്കിയ പലിശനിരക്ക് ബാധകമാകുന്നത്. കാലാവധി തീരും മുൻപ് ക്ലോസ് ചെയ്ത് പുതിയ നിക്ഷേപമായി ഇട്ടാലും പുതിയ പലിശ ലഭിക്കും. എന്നാൽ ഇത് ലാഭകരമാണോയെന്ന് പരിശോധിച്ചുറപ്പിച്ച ശേഷമേ നിലവിലുള്ള നിക്ഷേപം പിൻവലിക്കാവൂ. ബാക്കിയുള്ള കാലാവധി, പ്രീ–മച്വർ പിൻവലിക്കലിനുള്ള പിഴ, പുതിയ നിക്ഷേപത്തിന്റെ പലിശ എന്നിവ പരിഗണിക്കണം.
ഭവനവായ്പാ പലിശയിലും വർധന
∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെ പലിശ വീണ്ടും കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്ക് 0.1% വർധിപ്പിച്ചു. റിസർവ് ബാങ്ക് റീപ്പോ നിരക്ക് ഉയർത്തിയതിനു പിന്നാലെയാണ് എംസിഎൽആർ നിരക്കും കൂട്ടിയത്. ഇതോടെ ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.5 ശതമാനമായി.
രണ്ടും മൂന്നും വർഷം കാലാവധിയുള്ളവയുടെ നിരക്ക് യഥാക്രമം 8.6%, 8.7%. വിപണിയിലെ നിരക്കുകൾക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകൾക്കാണ് 2016ൽ എംസിഎൽആർ നിർബന്ധമാക്കിയിരിക്കുന്നത്. 2019 മുതൽ എംസിഎൽആറിനു പകരം ഭവനവായ്പകൾ അടക്കമുള്ള പല വായ്പകളും എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎൽആർ) ആശ്രയിച്ചാണ്.