വ്യാപാരക്കമ്മി കുറഞ്ഞു; കയറ്റുമതിയിൽ ഇടിവ്
Mail This Article
ന്യൂഡൽഹി∙ രാജ്യത്തിന്റെ വ്യാപാരക്കമ്മി കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി ജനുവരിയിൽ 1775 കോടി ഡോളറിലെത്തി. തുടർച്ചയായ രണ്ടാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവുണ്ട്. ജനുവരിയിൽ കയറ്റുമതി 6.58 ശതമാനം ഇടിഞ്ഞ് 3291 കോടി ഡോളറിന്റേതാണ്. ഇറക്കുമതിയും 3.63 ശതമാനം കുറഞ്ഞ് 5066 കോടി ഡോളറിലെത്തി. 2022 ഏപ്രിൽ – 2023 ജനുവരി കാലയളവിലെ കയറ്റുമതി മുൻവർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 8.51 ശതമാനം ഉയർന്ന് 36925 കോടി ഡോളറിന്റേതാണ്.
ഇറക്കുമതി 21.89ശതമാനം കൂടി 60220 കോടി ഡോളറായി. വ്യാപാരക്കമ്മി 23300 കോടി ഡോളർ. എൻജിനീയറിങ് ഗുഡ്സ്, ഇരുമ്പയിര്, ജ്വല്ലറി, പരുത്തി എന്നിവയുടെ കയറ്റുമതി കുറഞ്ഞു. എന്നാൽ പെട്രോളിയം ഉൽപന്നങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, അരി, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കെമിക്കലുകൾ എന്നിവയുടെ കയറ്റുമതി കൂടി. ഇക്കാലയളവിൽ സ്വർണ ഇറക്കുമതി 11.26 ശതമാനം കുറഞ്ഞു. ക്രൂഡ് ഓയിൽ ഇറക്കുമതി 53.54 ശതമാനം കൂടി 17845 കോടി ഡോളറിന്റേതായി.
യുഎസ്, യുഎഇ, നെതർലൻഡ്സ്, ചൈന, സിംഗപ്പൂർ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ മുന്നിലുള്ള രാജ്യങ്ങൾ. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുന്നിൽ ചൈനയാണ്. യുഎഇ, യുഎസ്, റഷ്യ, സൗദി അറേബ്യ എന്നിവയാണു പിന്നിലുള്ള രാജ്യങ്ങൾ. കോവിഡ് ഭീതി അകന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നു ചൈനയിലേക്കുള്ള മറൈൻ ഉൽപന്നങ്ങളുടെ കയറ്റുമതി വരും മാസങ്ങളിൽ വർധിക്കുമെന്നാണു പ്രതീക്ഷ. യൂറോപ്യൻ യൂണിയൻ, യുകെ, ഓസ്ട്രേലിയ എന്നിവയുമായുള്ള വ്യാപാര കരാറുകളിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.