കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വില കുറച്ച് വിൽക്കും: മന്ത്രി
Mail This Article
ആലപ്പുഴ∙ കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വിലക്കുറവിൽ വിറ്റഴിക്കുമെന്നു മന്ത്രി പി.രാജീവ്. ചില കയർ ഉൽപന്നങ്ങൾക്ക് വിലയിൽ 50% വരെ ഇളവു നൽകാനും തീരുമാനമുണ്ട്. 50 ലക്ഷത്തിലധികം രൂപയുടെ കയർ ഉൽപന്നങ്ങൾ എടുക്കുന്ന കയറ്റുമതിക്കാർക്കു പകുതി വിലയ്ക്കു നൽകുമെന്നും കയർ കോർപറേഷൻ സംഭരണശാല സന്ദർശനത്തിനിടെ മന്ത്രി അറിയിച്ചു.
കയർ മേഖലയിലെ പ്രശ്നപരിഹാരത്തിനു പഠന റിപ്പോർട്ടുകൾ നിലവിലിരിക്കെ പുതിയ വിദഗ്ധ സമിതിയെ നിയോഗിച്ചതു സംബന്ധിച്ച് , ‘അൻപതുകളിൽ നടത്തിയ പഠനം വച്ച് ഇപ്പോൾ തീരുമാനമെടുക്കാനാകില്ലെ’ന്നു മന്ത്രി പ്രതികരിച്ചു. അതിനാലാണു പുതിയ വിദഗ്ധ സമിതിയെ വച്ചത്. അവരുടെ റിപ്പോർട്ട് മാർച്ചിൽ ലഭിച്ചേക്കും. പഴയതു തന്നെ ആവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
2010 നു ശേഷം കയർ സംഭരിക്കാനാണു ശ്രദ്ധയൂന്നിയത്. 70 രൂപയ്ക്കു കയർ കോർപറേഷൻ കയർ ഭൂവസ്ത്രം സംഭരിക്കുമ്പോൾ അതേ സൊസൈറ്റി തന്നെ സ്വകാര്യ കരാറുകാർക്ക് 50 രൂപയ്ക്കു വിൽക്കുന്നു. തൊഴിലാളികൾക്കുള്ള ചെലവു കൂടി ചേർത്താണു കോർപറേഷൻ സംഭരിക്കുന്നത്. എന്നാൽ ആ തുക പൂർണമായി തൊഴിലാളികളിലേക്കെത്തുന്നില്ല. കൈത്തറിക്കു സമാനമായി തൊഴിലാളികൾക്കുള്ള കൂലി സർക്കാർ നേരിട്ടു വിതരണം ചെയ്യുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.