കെ സ്വിഫ്റ്റ് പോർട്ടലിൽ ചെറുകിട വ്യവസായ ലൈസൻസ് 13287
Mail This Article
കൊച്ചി∙ സംസ്ഥാനത്ത് ഒരു വർഷം നിക്ഷേപമായി വരുന്ന ചെറുകിട വ്യവസായങ്ങൾ (എംഎസ്എംഇ) 13000നും 15000നും ഇടയിൽ മാത്രമായിരിക്കെ കഴിഞ്ഞ ഒരു വർഷവും യാഥാർഥ്യമായത് അത്ര തന്നെയെന്ന് സർക്കാരിന്റെ തന്നെ കെ സ്വിഫ്റ്റ് പോർട്ടലിലെ കണക്ക് തെളിയിക്കുന്നു. വ്യവസായ ലൈസൻസുകൾ എടുക്കാനുള്ള കെ സ്വിഫ്റ്റ് പോർട്ടലിൽ 2022 ജനുവരി മുതൽ ഇന്നലെ വരെ നൽകിയ എംഎസ്എംഇ അനുമതികളുടെ എണ്ണം 13,287 മാത്രം.
ചെറുകിട സംരംഭങ്ങൾ തുടങ്ങേണ്ടവർക്ക് കെ സ്വിഫ്റ്റ് പോർട്ടൽ വഴിയും പഞ്ചായത്ത് വഴിയും ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. സംരംഭം തുടങ്ങാൻ ലൈസൻസ് കൂടിയേ തീരൂ, അതിന് ഉദ്യം റജിസ്ട്രേഷൻ മാത്രം പോര. വ്യവസായ വകുപ്പ് അവകാശപ്പെടുന്നതു പോലെ 1,34,038 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ ലൈസൻസ് അപേക്ഷകളും അനുമതികളും അതനുസരിച്ച് ഉണ്ടാവണം. പഞ്ചായത്തുകളിലും അങ്ങനെ ലൈസൻസ് അപേക്ഷകളുടെ കൂമ്പാരമില്ല.
കെ സ്വിഫ്റ്റിൽ ചെറുകിട വ്യവസായം ആരംഭിക്കാനുള്ള അനുമതികൾ 13287 എന്നതു തന്നെ 2022 ജനുവരി ഒന്നു മുതൽ ഇന്നലെ വരെ 14 മാസത്തെ കണക്കാണ്. ഒരു ലക്ഷത്തിലേറെ സംരംഭങ്ങൾ ഉണ്ടായെങ്കിൽ ലൈസൻസിനായുള്ള അപേക്ഷകളും ഒരുലക്ഷത്തോളം വരേണ്ടതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.