വായ്പകൾ തിരിച്ചടച്ച് അദാനി, ‘മാറുന്ന’ ചൈനയിൽ തളർച്ച; സാധ്യത ഇന്ത്യയ്ക്കോ?
Mail This Article
രണ്ടാഴ്ചയോളം പനിപിടിച്ചുകിടന്ന ഇന്ത്യന്‍ ഓഹരിവിപണി അദാനി ഗ്രൂപ്പ് കമ്പനികളില്‍ യുഎസ് നിക്ഷേപസ്ഥാപനം നടത്തിയ വിശ്വാസപ്രഖ്യാപനത്തോടെ ചാടിയെഴുന്നേല്‍ക്കുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. പണപ്പെരുപ്പവും പലിശനിരക്കുവര്‍ധനയും വീണ്ടും ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നതിനാല്‍ അസ്വസ്ഥമായിരുന്ന ആഗോളവിപണികള്‍ക്ക് ആശ്വാസമേകുന്ന ചില പ്രസ്താവനകളും യുഎസ് ഫെഡ് പ്രതിനിധികളില്‍നിന്നു വന്നു. ബജറ്റ് വാരത്തിലെ വ്യാപാരത്തിനിടെ കണ്ട ഏറ്റവും താഴ്ന്ന നിലവാരവും ഭേദിച്ച് താഴേക്കു പോയ ഇന്ത്യന്‍ വിപണി കഴിഞ്ഞ 3 വ്യാപാരദിനങ്ങളിലായി നടത്തിയ കുതിപ്പിനു തുടര്‍ച്ച ലഭിക്കുമോ അതോ വിറ്റുമടുത്ത വിപണിയില്‍ കണ്ട റിലീഫ് റാലി മാത്രമായി അവസാനിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഎസ് ഫെഡ് ചെയര്മാന് യുഎസ് സമ്പദ്വ്യവസ്ഥയെയും പണനയ നടപടികളെയും കുറിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ നല്കാനിരിക്കുന്ന വിശദീകരണത്തിലേക്കാണ് ആഗോളവിപണികളുടെ ശ്രദ്ധ മുഴുവന്‍.