വനിതകളുടെ സ്റ്റാർട്ടപ്പുകൾക്ക് സോഫ്റ്റ് ലോൺ
Mail This Article
കൃത്യമായ ഒരു പദ്ധതിയും പ്ലാനും ഉണ്ടെങ്കിൽ വായ്പയും സബ്സിഡിയുമായി വനിതകൾക്ക് സംരംഭം തുടങ്ങാൻ സർക്കാർ സഹായം ലഭിക്കുന്നു.
1. നാനോ സംരംഭങ്ങൾക്ക് 40% വരെ ഗ്രാൻഡ്
സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. പത്തുലക്ഷം രൂപയിൽ താഴെ പദ്ധതി ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾക്കും സേവന യൂണിറ്റുകൾക്കും ജോബ് വർക്ക് ചെയ്യുന്ന യൂണിറ്റുകൾക്കും പ്രയോജനം ലഭിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതി ചെലവിന്റെ 40% വരെ പരമാവധി നാലുലക്ഷം രൂപ സബ്സിഡിയായി അനുവദിക്കുന്നു. ഇതിനായി ബന്ധപ്പെടേണ്ടത് ജില്ലാ വ്യവസായ കേന്ദ്രത്തെയോ താലൂക്ക് വ്യവസായ ഓഫിസുകളെയോ ആണ്
2. വനിത സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സഹായങ്ങൾ
സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ടപ് മിഷൻ വഴി നടപ്പാക്കിവരുന്ന പദ്ധതി. ടെക്നോളജി ട്രാൻസ്ഫർ സ്കീം, സോഫ്റ്റ് ലോൺ സ്കീം എന്നിവയാണ് വനിത സ്റ്റാർട്ടപ്പുകൾക്ക് നൽകിവരുന്ന പ്രധാന സാമ്പത്തിക സഹായ പദ്ധതികൾ. ടെക്നോളജി വാങ്ങുന്നതിന് വരുന്ന നിക്ഷേപത്തിന്റെ 90 ശതമാനം പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാൻഡ് ആയി അനുവദിക്കുന്നു.
വനിതാ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച ഓർഡറുകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തുകയുടെ 80 ശതമാനം പരമാവധി 15 ലക്ഷം രൂപ സോഫ്റ്റ് ലോൺ ആയി അനുവദിക്കുന്നു. ഇതിനായി സ്റ്റാർട്ടപ് ഇന്ത്യ പോർട്ടലിലും കേരള സ്റ്റാർട്ടപ് മിഷന്റെ പോർട്ടലിലും പ്രത്യേകം റജിസ്റ്റർ ചെയ്യണം. കേരള സ്റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഓൺലൈനായി സ്റ്റാർട്ടപ്പ് മിഷനിൽ അപേക്ഷ സമർപ്പിക്കണം
3. ആഷ
കരകൗശല തൊഴിലാളികൾക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇത്. ആർട്ടിസാൻസ് കാർഡ് ഉള്ള സംരംഭകർ ആയിരിക്കണം. ഗാർമെന്റ് യൂണിറ്റുകൾക്ക് പോലും ആനുകൂല്യം ലഭിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി 3 ലക്ഷം രൂപ സർക്കാർ ഗ്രാൻഡ് ആയി അനുവദിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയാണ് ഇതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത് വനിതാ വികസന കോർപറേഷൻ 6 മുതൽ 8% പലിശയ്ക്ക് സംരംഭക വായ്പകൾ അനുവദിച്ചു വരുന്നുണ്ട്.