മിടുമിടെക്കി
Mail This Article
കൊച്ചി ∙ ലോക വനിതാ ദിനത്തിൽ കേരളത്തിലെ ടെക്കി വനിതകൾക്ക് അഭിമാനിക്കാം; കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം ദേശീയ ശരാശരിക്കും മുകളിലെന്നു കണക്കുകൾ. കേരളത്തിലെ 3 ഗവ. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന 1.37 ലക്ഷം ജീവനക്കാരിൽ 41.7 % വനിതകളാണ്. ദേശീയ ശരാശരി ഏകദേശം 38 %. തിരുവനന്തപുരം ടെക്നോപാർക്കിലെ 482 കമ്പനികളിൽ ജോലി ചെയ്യുന്ന 70,500 ഐടി ജീവനക്കാരിൽ 45 % വനിതകളാണ്.
കൊച്ചി ഇൻഫോപാർക്കിലെ 572 കമ്പനികളിൽ ജോലി ചെയ്യുന്നത് 64,900 പേർ. ഇവരിൽ 40 % പേരും വനിതകൾ. താരതമ്യേന പുതിയ പാർക്കായ കോഴിക്കോട് സൈബർ പാർക്കിലെ 2,000 ജീവനക്കാരിൽ 40 % വനിതകളാണ്. ദേശീയതലത്തിൽ മറ്റേതു സ്വകാര്യ വ്യവസായ മേഖലയിലേക്കാളും കൂടുതൽ വനിതകൾ ജോലി ചെയ്യുന്നത് ഐടി രംഗത്താണ്. എന്നാൽ, ഉന്നത ജോലികളിൽ നിയോഗിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എക്സിക്യൂട്ടീവ് തലത്തിലെത്തുന്നവർ 10%ൽ താഴെ മാത്രം.
‘‘ഉന്നത ജോലികളിലുള്ള വനിതകളും നേതൃത്വത്തിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരും സ്വഭാവത്തിലെ തനിമ നിലനിർത്തിയാണു മുന്നേറേണ്ടത്; ഇതര ലിംഗത്തിലെ നേതൃനിരയിലുള്ളവരെ അനുകരിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. ഒഴിഞ്ഞു മാറുന്ന സമീപനം ഒഴിവാക്കി കരുത്തോടെ, വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ധൈര്യം പ്രകടിപ്പിക്കുന്നവരായി വനിതാ സമൂഹം മാറണം.’’– ശ്വേത ഷാൻഡില്യ (ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ്സ് ഹൈബ്രിഡ് ഡേറ്റ മാനേജ്മെന്റ് ഡയറക്ടർ)
‘‘വരും വർഷങ്ങളിൽ പ്രധാന ചുമതലകളിൽ സ്ത്രീ പ്രാതിനിധ്യം വർധിക്കും. അടുത്ത കാലത്തായി കൂടുതൽ വനിതകൾ ടെക് മേഖലയിലേക്കു വരുന്നുണ്ട്. ‘സാങ്കേതിക വിദ്യയും കണ്ടെത്തലുകളും ലിംഗ സമത്വത്തിന്’ എന്ന ഈ വർഷത്തെ വനിതാ ദിനത്തിന്റെ തീം ഐടി കമ്പനികളും ടെക് മേഖലയിൽ ജോലി ചെയ്യുന്നവരും ഏറെക്കുറെ പ്രാവർത്തികമാക്കിയെന്നു പറയാം.’’– സുശാന്ത് കുറുന്തിൽ (ഇൻഫോപാർക്ക് സിഇഒ)