ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യതയ്ക്കു ഭീഷണിയുണ്ടാക്കുന്ന ഒളിക്യാമറ കണ്ണടകൾ അടക്കമുള്ള ഉപകരണങ്ങളുടെ വിൽപനയ്ക്ക് കെവൈസി (തിരിച്ചറിയൽ) നടപടിക്രമം അടക്കമുള്ള കർശന നിബന്ധനകൾ വന്നേക്കും. നിലവിലുള്ള ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ഇതുസംബന്ധിച്ച വ്യവസ്ഥ ഉണ്ടാകുമെന്ന് ഇതു സംബന്ധിച്ച യോഗത്തിൽ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ സൂചന നൽകി. 2000ലെ ഐടി നിയമമാണ് നിലവിലുള്ളത്.

22 വർഷം പഴക്കമുള്ള നിയമം ഇന്റർനെറ്റിന്റെ പുതിയ കാല വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നിയമം. വാർത്താ മാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ന്യായമായ പ്രതിഫലം നൽകണമെന്ന വ്യവസ്ഥയും ബില്ലിൽ ഉണ്ടാകും. വിപണിയിൽ ടെക് കമ്പനികൾ ആധിപത്യമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനും ചട്ടങ്ങളുണ്ടാകും.

പൗരന്മാർക്ക് ഭീഷണിയുണ്ടാക്കുന്ന ‘ഹൈ റിസ്ക്’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾ വന്നേക്കും. സമൂഹമാധ്യമങ്ങളുടെ അൽഗോരിതം (കംപ്യൂട്ടർ പ്രോഗ്രാം), എഐ ഉപയോഗിച്ച് ഉപയോക്താവിലേക്കു പരസ്യങ്ങൾ നൽകുന്ന രീതിയുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാകാം. ആസക്തിയുണ്ടാക്കുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് 18 വയസ്സിനു താഴെയുള്ളവർക്ക് നിയന്ത്രണമുണ്ടാകും.

കുട്ടികളുടെ ഡിജിറ്റൽ ഡേറ്റയുപയോഗിച്ച് അവരിലേക്ക് പരസ്യങ്ങളും മറ്റും എത്തിക്കാനും പ്ലാറ്റ്ഫോമുകൾക്ക് അനുമതിയുണ്ടാകില്ല. സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഇന്റർനെറ്റ് ഇന്റർമീഡിയറി പ്ലാറ്റ്ഫോമുകൾക്ക് നിലവിലുള്ള സേഫ് ഹാർബർ പരിരക്ഷ ആവശ്യമാണോ എന്ന സുപ്രധാന ചോദ്യവും മന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്നലെ നടന്ന യോഗത്തിൽ ചോദിച്ചു. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമുകൾ പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കാനാണ് ഐടി നിയമത്തിലെ 79–ാം വകുപ്പ് അനുസരിച്ച് ഫെയ്സ്ബുക് പോലെയുള്ള കമ്പനികൾക്ക് സേഫ് ഹാർബർ പരിരക്ഷ ലഭിക്കുന്നത്. 

ബില്ലിന്റെ പരിധിയിൽ വരുന്ന മറ്റ് കാര്യങ്ങൾ

∙ ഡിജിറ്റൽ പിന്തുടർച്ചാവകാശം: ഒരാളുടെ ഡിജിറ്റൽ ഡേറ്റ അയാളുടെ മരണശേഷം മറ്റൊരാൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട അവകാശം.

∙ മറയ്ക്കപ്പെടാനുള്ള അവകാശം: വ്യക്തികൾക്ക് തങ്ങളുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിലുള്ള വിവരങ്ങൾ നീക്കം ചെയ്യാനും തിരുത്താനുമുള്ള അവകാശം.

∙ സൈബർ ബുള്ളിയിങ് അടക്കമുള്ള അതിക്രമങ്ങൾ നേരിടാനുള്ള വ്യവസ്ഥകൾ

∙ വ്യാജവാർത്തകൾക്കു മേലുള്ള നിയന്ത്രണം

വായ്പ മുടങ്ങിയതിന് ബ്ലാക്മെയ്‌ലിങ്

ഓൺലൈൻ വായ്പ തിരിച്ചടവ് മുടങ്ങിയവരെ ബ്ലാക്മെയിൽ ചെയ്തതിനാണ് 3 വായ്പ ആപ്പുകൾ അടുത്തയിടെ കേന്ദ്രം നിരോധിച്ചതെന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഫോണിലെ ഗാലറിയിൽ കിടന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ തയാറാക്കി വ്യക്തികളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ വാട്സാപ്പിലേക്ക് അയയ്ക്കുന്നതായിരുന്നു രീതിയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com