യുഎസിൽ മൂന്നാമത്തെ ബാങ്ക് കൂടി തകർച്ചാ ഭീഷണിയിൽ; രക്ഷാശ്രമം
Mail This Article
ന്യൂയോർക്ക്∙ അമേരിക്കയിലെ സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകളുടെ തകർച്ചയ്ക്കു പിന്നാലെ മറ്റൊരു ബാങ്കു കൂടി തകർച്ചയുടെ വക്കിൽ. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. ബാങ്കിനെ കരകയറ്റാൻ അമേരിക്കയിലെ 11 വൻകിട ബാങ്കുകളുടെ കൂട്ടായ്മ 3000 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. ഒരാഴ്ച്ചക്കിടെ തകരുന്ന മൂന്നാമത്തെ ബാങ്കാണിത്.
സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകൾക്കുള്ളതുപോലെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ടുള്ള ബാങ്കാണ് ഫസ്റ്റ് റിപ്പബ്ലിക് . ഇന്നലെ മണിക്കൂറുകൾക്കുള്ളിൽ 4000 കോടി ഡോളറാണ് നിക്ഷേപകർ പിൻവലിച്ചത്. ഡിസംബറിലെ കണക്കു പ്രകാരം 17640 കോടി ഡോളറിന്റെ നിക്ഷേപമാണ് ബാങ്കിലുള്ളത്.
മറ്റ് 2 ബാങ്കുകൾക്കും സംഭവിച്ചതു പോലെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത നിക്ഷേപമാണ് പിൻവലിച്ചതിൽ ഏറെയും. 2,50,000 ഡോളർ വരെ നിക്ഷേപത്തിനാണ് ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ ഇൻഷുറൻസ് നൽകുന്നത്.
തിങ്കളാഴ്ച്ച ബാങ്കിന്റെ ഓഹരി വില 60 ശതമാനം ഇടിഞ്ഞിരുന്നു. ജെപി മോർഗൻ, ഫെഡറൽ റിസർവ് എന്നിവിടങ്ങളിൽ നിന്ന് 7000 കോടി ഡോളറിന്റെ അടിയന്തര വായ്പാ സഹായം ലഭിച്ചിട്ടുണ്ട് . 2008ൽ പിടികൂടിയ സാമ്പത്തിക മാന്ദ്യത്തിൽ പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാൻ വൻ രക്ഷാ പാക്കേജുകളാണ് വൻകിട ബാങ്കുകൾ പ്രഖ്യാപിച്ചത്. ഇത് ചില ബാങ്കുകളുടെ ഏറ്റെടുക്കലിൽ വരെ എത്തി. ഇതിനെ ഓർമിപ്പിക്കുന്ന തരത്തിലാണ് പുതിയ സംഭവവികാസങ്ങൾ.
കോടീശ്വരന്മാർ ഉൾപ്പെടെ വൻകിട ഇടപാടുകാരുടെ പട്ടികയാണ് ബാങ്കിനുള്ളത്. വ്യാഴാഴ്ച്ച 36 ശതമാനം വരെ താഴ്ന്ന ഓഹരി വില പിന്നീട് മെച്ചപ്പെട്ടു. രക്ഷാ പാക്കേജ് പ്രഖ്യാപിക്കുമെന്ന വാർത്തയാണ് രക്ഷയായത്. യുഎസ്സിലെ ഇടത്തരം ബാങ്കുകളും ആശങ്കയിലാണ്. ഓഹരി വിലകളിൽ കാര്യമായ ഇടിവും നേരിട്ടു. അതേസമയം, രക്ഷാ പാക്കേജ് പ്രഖ്യാപിച്ചെന്ന വാർത്ത ആഗോള ഓഹരി വിപണികളിൽ ഉണർവ് പകർന്നു.
English Summary: Third collapse in a week? Big US banks rush to rescue First Republic Bank