ആഗോള ബാങ്കിങ് മേഖലയ്ക്ക് ആശ്വാസം; ക്രെഡിറ്റ് സ്വീസ് ബാങ്കിനെ യുബിഎസ് ഏറ്റെടുക്കുന്നു
Mail This Article
ജനീവ ∙ സാമ്പത്തിക പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ 300 കോടി സ്വിസ് ഫ്രാങ്കിന് (323 കോടി ഡോളർ) സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നുവെന്ന വാർത്ത ആഗോള ബാങ്കിങ് മേഖലയ്ക്ക് ആശ്വാസമായി. ആഗോളതലത്തിൽ സുപ്രധാനമായ 30 ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ക്രെഡിറ്റ് സ്വീസ് തകർന്നിരുന്നെങ്കിൽ മാന്ദ്യത്തിന്റെ പിടിയിലുള്ള ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായേനേ. അതുകൊണ്ടു തന്നെയാണ് സ്വിസ് സെൻട്രൽ ബാങ്കും സർക്കാരും മുൻകൈയെടുത്ത് തിരക്കിട്ട് യുബിഎസിനെക്കൊണ്ട് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുപ്പിക്കുന്നത്.
ലയന കരാർ അനുസരിച്ച് ക്രെഡിറ്റ് സ്വീസ് ബാങ്കിന്റെ 540 കോടി ഡോളറിന്റെ നഷ്ടം യുബിഎസ് ഏറ്റെടുക്കും. ഇരുബാങ്കുകൾക്കുമായി സ്വിസ് സെൻട്രൽ ബാങ്ക് 10,000 കോടി സ്വിസ് ഫ്രാങ്കിന്റെ (10,800 കോടി ഡോളർ) പണലഭ്യത ഉറപ്പാക്കും. ഓഹരിയുടമകൾക്ക് ക്രെഡിറ്റ് സ്വീസിന്റെ 22.48 ഓഹരികൾക്ക് ഒരു യുബിഎസ് ഓഹരി എന്ന അനുപാതത്തിൽ ലഭിക്കും. ലയന നടപടികൾ ഈ വർഷാവസാനത്തോടെ പൂർത്തിയാകും.
കരാറിനെ യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവലും ട്രഷറി സെക്രട്ടറി ജാനറ്റ് യെലനും യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദും സ്വാഗതം ചെയ്തു. യുഎസിൽ സിലിക്കൺ വാലി ബാങ്ക് തകർന്നതിന്റെ ആഘാതത്തിലായിരുന്ന ബാങ്കിങ് മേഖലയാകെ ആശങ്കയുണർത്തി ക്രെഡിറ്റ് സ്വീസ് ബാങ്കിലെ പ്രതിസന്ധി പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്. ബാങ്കിനെ രക്ഷിക്കാൻ സ്വിസ് നാഷനൽ ബാങ്ക് (എസ്എൻബി) 5000 കോടി സ്വിസ് ഫ്രാങ്കിന്റെ (5400 കോടി ഡോളർ) അടിയന്തര പണലഭ്യത പ്രഖ്യാപിച്ച് തകർച്ചയ്ക്കു തടയിട്ടിരുന്നു. ഇന്ത്യയിൽ ക്രെഡിറ്റ് സ്വീസിന് മുംബൈയിൽ ഓഫിസുണ്ട്.