പച്ചക്കറി അടിസ്ഥാന വില: അനുമതി കാത്ത് 5 വിളകൾ
Mail This Article
പാലക്കാട് ∙ അടിസ്ഥാന വിലയ്ക്കു പച്ചക്കറി ഏറ്റെടുക്കുന്ന പദ്ധതിയിൽ 5 വിളകൾ കൂടി കൂട്ടിച്ചേർക്കാനുള്ള തീരുമാനം രണ്ടു വർഷമായി ഫയലിൽ ‘ചീയുന്നു.’ നിലവിലെ 16 ഇനങ്ങൾക്കു പുറമേ ചുരയ്ക്ക, ചേന, മത്തൻ, വഴുതന, കോവൽ എന്നീ ഇനങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനമാണു വൈകുന്നത്. വില കാലോചിതമായി പരിഷ്കരിക്കാനും നടപടിയില്ല.
പച്ചക്കറിയുടെ വില സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയിലും താഴെയായാൽ അടിസ്ഥാന വില നൽകി സംഭരിക്കുന്നതാണു കൃഷിവകുപ്പിന്റെ പദ്ധതി. ഉൽപാദനച്ചെലവിനെക്കാൾ 20% അധികം ചേർത്താണ് 2020 ൽ അടിസ്ഥാനവില നിർണയിച്ചത്. കാലോചിതമായി വില പരിഷ്കരിക്കുമെന്നും പുതിയ വിളകൾ ഉൾപ്പെടുത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിലനിർണയ ബോർഡ് 5 പച്ചക്കറികളെക്കൂടി ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്.
2020ലെ കൃഷിച്ചെലവു കണക്കാക്കി തയാറാക്കിയ അടിസ്ഥാനവില തന്നെയാണ് ഇപ്പോഴും തുടരുന്നത്. രാസവളത്തിന്റെയും ഇന്ധനത്തിന്റെയും വില വർധിച്ചതുൾപ്പെടെ ചെലവുകൾ കൂടിയപ്പോൾ സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയെക്കാൾ കൂടുതലാണ് പല വിളകളുടെയും ഉൽപാദനച്ചെലവ്. കർഷകരിൽ നിന്നു സംഭരിക്കുന്ന ഉൽപന്നങ്ങൾക്കു വില നൽകാൻ ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നീ ഏജൻസികൾക്കു സർക്കാർ പണം നൽകുന്നില്ല. മാസങ്ങൾ കാത്തിരുന്നാലാണു കർഷകർക്ക് പലപ്പോഴും പണം ലഭിക്കാറ്.