ആഗോള വളർച്ചയുടെ 50% ഇന്ത്യയുടേതും ചൈനയുടേതുമാകും: ഐഎംഎഫ് എംഡി
Mail This Article
വാഷിങ്ടൻ∙ ഈ വർഷം ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) എംഡി ക്രിസ്റ്റാലിന ജോർജീവ. ലോകത്തിന്റെ സാമ്പത്തിക വളർച്ച ഈ വർഷം 3 ശതമാനത്തിൽ താഴെയായിരിക്കുമെന്നും അവർ പറഞ്ഞു. കോവിഡ് മഹാമാരിയും, റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ഉയർത്തുന്ന വെല്ലുവിളി ഈ വർഷവും തുടർന്നേക്കും. സാമ്പത്തിക രംഗത്തെ മുരടിപ്പ് നീണ്ടുനിൽക്കും. അടുത്ത അഞ്ചു വർഷത്തേക്ക് വളർച്ച മൂന്നു ശതമാനത്തിൽ താഴെയായിരിക്കാനാണ് സാധ്യത. 1990നു ശേഷം ഇത്രയും താഴ്ന്ന വളർച്ചാ അനുമാനം ആദ്യമാണ്.
ഈ വെല്ലുവിളികൾക്കിടയിലും ഇന്ത്യയും ചൈനയും പ്രതീക്ഷ നൽകുന്നു. എന്നാൽ ഏഷ്യയിലെ മറ്റു രാജ്യങ്ങൾ ബുദ്ധിമുട്ടിയേക്കും. 6.1 ശതമാനം വളർച്ചയോടെ 2021ൽ ലോക സാമ്പത്തിക രംഗം മികച്ച തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ യുക്രെയ്ൻ–റഷ്യ യുദ്ധം എല്ലാം അവതാളത്തിലാക്കി. 2022ൽ വളർച്ച 3.4ശതമാനത്തിലേക്ക് കൂപ്പുകുത്തി. വരുമാനം കുറഞ്ഞ രാജ്യങ്ങൾ കഷ്ടപ്പെടുകയാണ്. ദാരിദ്ര്യവും പട്ടിണിയും ഇനിയും വർധിച്ചേക്കുമെന്നും അവർ മുന്നറിയിപ്പു നൽകുന്നു.