ADVERTISEMENT

അര നൂറ്റാണ്ടോളം രാജ്യത്തെ വ്യവസായലോകത്തു നിറഞ്ഞുനിന്ന കേശബ് മഹീന്ദ്രയുടെ വേർപാടിൽ വ്യവസായലോകത്തെക്കാൾ വേദനിക്കുന്നതു രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽ അദ്ദേഹത്തിന്റെ കനിവിൽ പഠനം നടത്തുന്ന ഒരു ലക്ഷത്തിലേറെ പെൺകുട്ടികളാവും. സമൂഹത്തിൽനിന്നു നേടിയതിന് ആനുപാതികമായി സമൂഹത്തിനു തിരികെ നൽകണമെന്ന നിഷ്കർഷ ജീവിതത്തിലുടനീളം പുലർത്തിയ മഹാനുഭാവൻ സ്ഥാപിച്ച മഹീന്ദ്ര ഫൗണ്ടേഷന്റെ പിന്തുണയിൽ വിദ്യാഭ്യാസം നേടുന്ന ബാലികമാർ. രാജ്യത്തെ വിദ്യാഭ്യാസ വ്യാപനത്തിനു കേശബ് മഹീന്ദ്രയോളം വലിയ സേവനം അനുഷ്ഠിച്ചിട്ടുള്ളവരായി ആരുമില്ല. 

ഒരു നൂറ്റാണ്ടു തികയ്ക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര അവസാനിച്ചിരിക്കുന്നത്. ആ യാത്രയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ കോർപറേറ്റ് ലോകത്തെ അസാധാരണ വിജയഗാഥകളിലൊന്നായി ചരിത്രം എന്നും ഓർക്കും. കാരണം നൂറിലേറെ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം ജീവനക്കാരുള്ള വ്യവസായ സാമ്രാജ്യത്തിന്റെ വിജയകഥയാണത്. 

ജന്മംകൊണ്ടു പഞ്ചാബിയാണെങ്കിലും കേശബിന്റെ ജനനം സിംലയിലായിരുന്നു. കൊൽക്കത്ത മുതൽ യുഎസിലെ വാർട്ടൺ വരെ നീണ്ട വിദ്യാഭ്യാസകാലം. 1945ൽ കേശബ് വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴേക്കു പിതാവ് കൈലാസ് ചന്ദ്ര മഹീന്ദ്രയും പിതൃസഹോദരൻ ജഗദീശ് ചന്ദ്ര മഹീന്ദ്രയും അവരുടെ സുഹൃത്ത് ഗുലാം മുഹമ്മദും ചേർന്നുള്ള ഉരുക്കു വ്യാപാര സ്ഥാപനം ലുധിയാനയിൽ ആരംഭിച്ചിരുന്നു. മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്ന ആ സ്ഥാപനത്തിലാണു കേശബ് ഒൗദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്.  1947ലെ രാജ്യവിഭജനത്തോടെ മുഹമ്മദ് ലഹോറിലേക്കു പോയപ്പോഴാണു മഹീന്ദ്ര സഹോദരങ്ങൾ സ്ഥാപനത്തിനു മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നു പേരിട്ടത്. (ഗുലാം മുഹമ്മദ് പാക്കിസ്ഥാനിലെ ആദ്യ ധന മന്ത്രിയും പിന്നീടു ഗവർണർ ജനറലുമായി).

സ്ഥാപനത്തിന്റെ പേരുമാറ്റത്തോടൊപ്പം ബിസിനസിലും മാറ്റം സംഭവിച്ചു. വില്ലീസ് ജീപ്പുകളുടെ അസംബ്ലിങ് യൂണിറ്റ് ആരംഭിക്കുകയാണ് ആദ്യം ചെയ്തത്. വില്ലീസിനു പുറമെ മിത്‌സുബിഷി, പ്യൂഷോ, ഓട്ടിസ്, യുണൈറ്റഡ് ടെക്നോളജീസ്, ബ്രിട്ടിഷ് ടെലികോം തുടങ്ങിയവയുമായി സഖ്യത്തിൽ ഏർപ്പെടുന്നതിനു കേശബ് മുൻകയ്യെടുത്തു. ജീപ്പുകളുടെയും ട്രാക്ടറുകളുടെയും നിർമാണം, സോഫ്റ്റ്‌വെയർ വികസനം, ധന സേവനം, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ എം ആൻഡ് എമ്മിന്റെ പ്രവർത്തന മേഖലകൾ വിപുലമായിക്കൊണ്ടിരുന്നു.

രാജ്യം സാമ്പത്തിക ഉദാരവൽകരണ നയം സ്വീകരിച്ചപ്പോൾ കേശബിന് അതിനോടു യോജിക്കാനായില്ല. എന്നാൽ പിന്നീട് ഉദാരവൽകരണത്തിന്റെ വക്താവായി അദ്ദേഹം മാറി. മാത്രമല്ല, ഉദാരവൽകരണത്തിനു ശേഷം വിദേശ സ്ഥാപനവുമായി ആദ്യം കൈകോർത്ത കമ്പനികളിലൊന്ന് എം ആൻഡ് എം ആയിരുന്നു. ഇന്ത്യയിൽ ഫോഡ് കാറുകളുടെ നിർമാണം എം ആൻഡ് എമ്മിന്റെ ചുമതലയിലായി.

വിജയത്തിന്റെ പടവുകൾ പിന്നിടുന്നതിനിടയിൽ വ്യത്യസ്തമായ അനുഭവവും കേശബിനുണ്ടായിട്ടുണ്ട്. 1984ലെ ഭോപ്പാൽ ദുരന്തമാണത്. യൂണിയൻ കാർബൈഡ് ഇന്ത്യയുടെ ഫാക്ടറിയിൽനിന്നു വിഷവാതകം ചോർന്നു പതിനയ്യായിരത്തോളം പേർ മരിച്ചതു സംബന്ധിച്ച കേസിൽ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ കേശബ് മഹീന്ദ്രയ്ക്കു കോടതി രണ്ടു വർഷത്തെ തടവു വിധിച്ചു. ജാമ്യം നേടാനായെങ്കിലും ദുരന്തം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com