കെപിപിഎലിന് ചരിത്രനേട്ടം ; 10,000 ടൺ പത്രക്കടലാസിന് ഓർഡർ
Mail This Article
കോട്ടയം ∙ വെള്ളൂർ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്) നേട്ടങ്ങളുടെ നെറുകയിലേക്ക്. മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിൽ നിന്ന് 10,000 ടണ്ണിന്റെ പത്രക്കടലാസ് ഓർഡർ സ്ഥാപനത്തിനു ലഭിച്ചു.മാർച്ചിൽ 5000 ടണ്ണിന്റെ ഓർഡർ ലഭിച്ചിരുന്നു. 44 ജിഎസ്എം പേപ്പറാണ് ഇപ്പോൾ കെപിപിഎൽ കൂടുതലായി ഉൽപാദിപ്പിക്കുന്നത്. കൂടുതൽ മേന്മയുള്ള 42 ജിഎസ്എം കടലാസ് ഉൽപാദിപ്പിക്കുന്നതോടെ കൂടുതൽ പത്രസ്ഥാപനങ്ങളുടെ ഓർഡർ ലഭിച്ചേക്കും.
കേരളത്തിലെ എട്ടോളം പത്രസ്ഥാപനങ്ങളും ചില ഇംഗ്ലിഷ് പത്രങ്ങളും തമിഴ്നാട്ടിലെ ചില പത്രങ്ങളും ഇവിടത്തെ കടലാസ് ഉപയോഗിക്കുന്നുണ്ട്. ബിസിനസ് പത്രങ്ങൾ അച്ചടിക്കുന്ന സാൽമൺ പിങ്ക് കടലാസും കെപിപിഎലിൽ ഉൽപാദിപ്പിക്കുന്നുണ്ട്.ഇത്രയും ഓർഡർ ഒന്നിച്ചു ലഭിക്കുന്നത് ഇതാദ്യമാണെന്നും ഗുണനിലവാരം, കടലാസ് ലഭ്യമാക്കുന്നതിലെ കൃത്യത, ലോജിസ്റ്റിക്സ് മികവ് തുടങ്ങി ഒട്ടേറെ ഘടകങ്ങളിൽ ഏറെ മുന്നിലെത്തിയതു കൊണ്ടാണ് ഇതു സാധ്യമായതെന്നും മന്ത്രി പി.രാജീവ് സമൂഹമാധ്യമത്തിൽ കുറിച്ചു .