2,302 കോടിയുടെ നിക്ഷേപം: അഡിഡാസ്, നൈക്കി തമിഴ്നാട്ടിലേക്ക്
Mail This Article
ചെന്നൈ ∙ രാജ്യാന്തര സ്പോർട്സ് ബ്രാൻഡുകളായ അഡിഡാസ്, നൈക്കി തുടങ്ങിയവയുടെ ഉൽപാദകരായ തയ്‌വാൻ കമ്പനി പൗ ചെൻ പാദരക്ഷ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തമിഴ്നാടുമായി 2,302 കോടി രൂപയുടെ കരാർ ഒപ്പിട്ടു. പൗ ചെൻ കോർപറേഷന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഹൈ ഗ്ലോറി ഫുട്‌വെയർ ഇന്ത്യയാണു കള്ളക്കുറിച്ചി ജില്ലയിൽ ഉൽപാദന കേന്ദ്രം ആരംഭിക്കുക. ഇതിലൂടെ തുകൽ ഇതര പാദരക്ഷ മേഖലയിൽ 20,000 പേർക്ക് തൊഴിൽ ലഭിക്കും.
തമിഴ്‌നാട് ലെതർ ആൻഡ് ഫുട്‌വെയർ പ്രോഡക്ട്സ് നയം അനുസരിച്ച് 2025നുള്ളിൽ ഈ മേഖലയിൽ ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയാണു ലക്ഷ്യം. ഇതിനൊപ്പം 2 ലക്ഷം പേർക്കു തൊഴിൽ അവസരങ്ങളും ഉറപ്പാക്കും. ആമ്പൂർ, വാണിയമ്പാടി, റാണിപ്പെട്ട്, ചെയ്യാർ എന്നിവയുൾപ്പെടെ ഒട്ടേറെ പ്രധാന തുകൽ ഇതര പാദരക്ഷ നിർമാണ ക്ലസ്റ്ററുകളുടെ കേന്ദ്രമാണ് തമിഴ്നാട്.