ADVERTISEMENT

തിരുവനന്തപുരം∙ മിൽമ ഉൽപന്നങ്ങൾക്ക് ഇനി പുതുമോടിയും ഗുണമേൻമയും. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിക്ക് ഇന്നു തുടക്കമാകും.  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. 

പാൽ, തൈര്, നെയ്യ്, ഫ്ലേവേഡ് മിൽക് എന്നീ ഉൽപന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു മിൽമ ചെയർമാൻ‌ കെ.എസ്.മണി അറിയിച്ചു. നിലവിൽ മൂന്നു മേഖല യൂണിയനുകൾ പുറത്തിറക്കുന്ന പാൽ ഒഴിച്ചുള്ള ഉൽപന്നങ്ങളുടെ പാക്കിങും തൂക്കവും വിലയും ഒരുപോലെ അല്ല. ഇതു മാറി ഏകീകൃത രീതി നടപ്പാക്കാനുള്ള പ്രവർത്തനം ഒരു വർഷം മുൻപാണ് മിൽമ ആരംഭിച്ചത്. രാജ്യാന്തര വിപണിയിലടക്കം മത്സരാഥിഷ്ഠിതമായി സാന്നിധ്യം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണു പദ്ധതി. ഉൾപ്രദേശങ്ങളിലും മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ലഭ്യമാക്കുന്ന രീതിയിൽ വിപണനശൃംഖല വികസിപ്പിക്കുമെന്നു ചെയർമാൻ അറിയിച്ചു. 

പാൽ ക്ഷാമത്തിൽ വലഞ്ഞ് മിൽമ

തിരുവനന്തപുരം∙ കഴിഞ്ഞ 2 സാമ്പത്തിക വർഷവും ആവശ്യത്തിലേറെ പാൽ സംസ്ഥാനത്തു നിന്നു തന്നെ സംഭരിച്ചിരുന്ന മിൽമ വീണ്ടും പാൽ ക്ഷാമം നേരിടുന്നു. കഴിഞ്ഞ മാസം ആവശ്യമുളളതിനെക്കാൾ 5 ശതമാനത്തിലേറെ പാൽ കുറച്ചാണ് സംഭരിച്ചത്. ജനുവരി – മാർച്ച് കാലത്ത് കുറവ് 8% വരെയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 12.5% പാൽ അധികമായി സംഭരിച്ചിരുന്ന സ്ഥാനത്താണ് ഈ കുറവ്. 

നിലവിൽ തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളിൽ നിന്ന് 1.5–2.5 ലക്ഷം ലീറ്റർ പാൽ വരെ ഓരോ ദിവസവും വാങ്ങിയാണ് കേരളത്തിന്റെ ആവശ്യം നിറവേറ്റുന്നത്. വിഷു സമയത്ത് 3 ലക്ഷം ലീറ്റർ പാൽ വരെ പുറത്തു നിന്നു വാങ്ങി. നിലവിൽ ശരാശരി 14.1 ലക്ഷം ലീറ്റർ പാലാണ് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലൂടെ മിൽമ ദിനവും ശേഖരിക്കുന്നത്. 15.85 ലക്ഷം ലീറ്ററിന്റെ പ്രതിദിന വിൽപനയുണ്ട്. മൂല്യ വർധിത ഉൽപന്നങ്ങൾക്കായും പാൽ വേണം. ചൂട് കാലാവസ്ഥയും ചർമമുഴ രോഗം മൂലം കാലികൾ വ്യാപകമായി ചത്തതുമെല്ലാം  അയൽ സംസ്ഥാനങ്ങളിലും പാൽ  ലഭ്യത കുറച്ചു. കൂടുതൽ വില നൽകിയാലും പാൽ കിട്ടാത്ത അവസ്ഥയാണ്. കർണാടകത്തിൽ‌ നിന്ന് കേരളത്തിന് ഇപ്പോൾ പാൽ ലഭിക്കുന്നേയില്ല. അതേസമയം കർണാടകയിലെ സഹകരണ മേഖലയിലുള്ള നന്ദിനി പാൽ കൊച്ചിയിലും മഞ്ചേരിയിലും വിൽപന ആരംഭിച്ചു. പാൽ മറ്റു സംസ്ഥാനങ്ങളിൽ വിറ്റഴിക്കുന്നത് ധാർമികമായി ശരിയല്ലെന്നു ചൂണ്ടിക്കാട്ടി മിൽമ കത്തയച്ചെങ്കിലും കർണാടക പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com