രാജസ്ഥാനിൽ വൻ ലിഥിയം നിക്ഷേപം
Mail This Article
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ അടുത്തയിടയ്ക്ക് കണ്ടെത്തിയ ലിഥിയം നിക്ഷേത്തെക്കാൾ വലിയ നിക്ഷേപം രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കണ്ടെത്തി. ഇന്ത്യയുടെ ലിഥിയം ആവശ്യകതയുടെ 80 ശതമാനവും ഈ നിക്ഷേപത്തിന് നിറവേറ്റാനാവുമെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ജിഎസ്ഐ) ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഖനനം യാഥാർഥ്യമായാൽ ഇന്ത്യയ്ക്ക് ലിഥിയം വിപണിയിൽ വൻ മേൽക്കൈ ലഭിക്കും.ടങ്സ്റ്റൻ നിക്ഷേപം കണ്ടെത്താനായി ജിഎസ്ഐ നടത്തിയ പരിശോധനയിലാണ് ലിഥിയവും കണ്ടെത്തിയത്.
ഫെബ്രുവരിയിലാണ് 59 ലക്ഷം ടൺ ഖനനശേഷിയുള്ള നിക്ഷേപം ജമ്മു കശ്മീരിൽ കണ്ടെത്തിയത്. ഹിമാലയം പരിസ്ഥിതി ലോല മേഖലയിലായതു കൊണ്ടും ഭൂകമ്പ സാധ്യതകളു ള്ളതുകൊണ്ടും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കൂടി പഠിച്ചതിനുശേഷമാകും ഇവിടെ ഖനനം ആരംഭിക്കുക. നേരത്തേ കർണാടകയിലെ മണ്ഡ്യ ജില്ലയിൽ കുറഞ്ഞ തോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഖനനം ആരംഭിച്ചിട്ടില്ല. രാജസ്ഥാനിലെ തന്നെ ബാർമർ, ജയ്സൽമർ എന്നിവിടങ്ങളിലും ലിഥിയം നിക്ഷേപമുണ്ടാകാനുള്ള സാധ്യത ജിഎസ്ഐ മുൻകൂട്ടി കാണുന്നുണ്ട്. പരിശോധന ഇവിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ഇവി വിപണിക്കു കരുത്തേകും
മൊബൈൽ ഫോണുകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമിക്കുന്നതിന് ലിഥിയം അവശ്യവസ്തുവാണ്. ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ ഇന്ത്യ നിലവിൽ ഇറക്കുമതി ചെയ്യുകയാണ്. ഓസ്ട്രേലിയയെയും അർജന്റീനയെയുമാണ് ലിഥിയത്തിനായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ഖനനം ആരംഭിച്ചാൽ ഇറക്കുമതിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയും. ഓസ്ട്രേലിയ, അർജന്റീന, ചിലെ, ബൊളീവിയ, ചൈന എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയം ഉൽപാദിപ്പിക്കുന്നത്. ആകെ ഉൽപാദനത്തിന്റെ 35 ശതമാനവും ചിലെയിൽ നിന്നാണ്.