ADVERTISEMENT

തിരുവനന്തപുരം∙ കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ. കഴിയാവുന്നത്ര മേഖലകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരണമെന്നും ഇത്തരം മേഖലകളിൽനിന്നു സർക്കാർ പിൻമാറണമെന്നും മാർട്ടിൻ റെയ്സർ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയതായി കൺട്രി ഡയറക്ടർ അഗസ്തേ താനോ ക്വാമിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടശേഷം ‌മാർട്ടിൻ റെയ്സർ പറഞ്ഞു.

പുനരുപയോഗ ഊർജം പോലെയുള്ള മേഖലകളിൽ കേരളം സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഈ മേഖലകളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, വിതരണം തുടങ്ങിയ മേഖലയിലേക്കു സർക്കാർ ഇടപെടൽ ചുരുങ്ങണം. പൊതുമേഖലാ ഫണ്ടിങ് ആവശ്യത്തിലധികം വേണ്ട.റീബിൽഡ് കേരളയിൽ അധിക സഹായമായി 150 ദശലക്ഷം ഡോളറും കേരള ഇക്കണോമിക് റിവൈവൽ പ്രോഗ്രാ (കേര)മിനുള്ള 165 മില്യൺ ഡോളറും ഉൾപ്പെടെ 350 ദശലക്ഷം ഡോളർ കേരളത്തിനു നൽകുന്നതു പരിഗണനയിലാണ്. 

ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇനിയൊരു പ്രളയം വന്നാൽ നേരിടാൻ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ടുള്ള പ്രവർത്തനമാണു വേണ്ടത്. ശക്തിയായി മഴ പെയ്യുമ്പോൾ റോഡുകളിൽനിന്നു വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനം വേണം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ഇക്കാര്യങ്ങളിൽ നല്ല ആസൂത്രണമുണ്ട്. ഹരിതോർജം, ആരോഗ്യ പരിപാലനം എന്നിവയിൽ സഹകരിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉയർന്നു. ഇക്കാര്യം ചർച്ച ചെയ്യും. കേന്ദ്രം നിർദേശിക്കുന്ന മുൻഗണനകൾ ലോകബാങ്കിനു കണക്കിലെടുത്തേ പറ്റൂ. മുഖ്യമന്ത്രിയുടെ യുഎസ് സന്ദർശനത്തിനിടെ ലോകബാങ്ക് പ്രതിനിധികളെ കാണുന്നതിന് ഇപ്പോൾ അജൻഡ നിശ്ചയിട്ടില്ല.

വക മാറ്റിയോ എന്ന വിഷയമുദിക്കുന്നില്ല

റീബിൽഡ് കേരളാ പദ്ധതിക്കു ലോകബാങ്ക് നൽകിയ തുക സർക്കാർ മറ്റെന്തിനെങ്കിലും ചെലവിട്ടോ എന്നതു ഞങ്ങൾക്കു മുൻപിലുള്ള വിഷയമല്ല. ചെയ്യേണ്ട ഓരോ കാര്യവും എടുത്തുപറഞ്ഞു കൈമാറിയ തുകയല്ല. ബിൽ കിട്ടുമ്പോൾ പണം കൊടുക്കുന്ന പരമ്പരാഗതമായ കണക്കെടുപ്പല്ല ഇക്കാര്യത്തിലുള്ളത്. ‘ഇതാണു ഞങ്ങളുടെ റീബിൽഡ് കേരള’ എന്നു സർക്കാർ പറഞ്ഞാൽ, നൽകിയ പണം പ്രയോജനപ്പെട്ടോ എന്നു നോക്കേണ്ട ഉത്തരവാദിത്തമേയുള്ളൂ. നീക്കിവച്ചതും നടപ്പാക്കിയതുമായി പൊരുത്തമുണ്ടോ എന്നും നോക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com