കിടാവിന് കുപ്പിപ്പാൽ നൽകാൻ മിൽമ
Mail This Article
കോഴിക്കോട്∙ പശുക്കുട്ടിക്കു കുടിക്കാൻ ‘മിൽക് റീപ്ലേസർ’ കൊടുക്കാനൊരുങ്ങി മിൽമ. ഇതുവഴി അധികച്ചെലവുകളില്ലാതെ ഒരു ദിവസം ക്ഷീരകർഷകന് 54 രൂപയുടെ പാൽ അധികമായി സംഭരിക്കാനാവുമെന്നാണ് കണ്ടെത്തൽ. ഓരോ പശുക്കുട്ടിക്കും അത് അമ്മ പശുവിൽ നിന്നു കുടിക്കുന്ന പാലിനു പകരം ‘മിൽക് റീപ്ലേസർ’ എന്നു വിളിപ്പേരിട്ടിരിക്കുന്ന ‘പാൽ’ കൊടുക്കുന്നതാണ് മിൽമ മലബാർ യൂണിയന്റെ പുതിയ പദ്ധതി. നിലവിൽ ക്ഷീരസംഘങ്ങളുടെ തീരുമാനപ്രകാരം പശുവിന്റെ അകിടിലെ ഒരു കാമ്പിൽനിന്നാണ് പശുക്കുട്ടിയെ പാലുകുടിക്കാൻ അനുവദിക്കുന്നത്.
എന്നാൽ ഇതു നിർത്താനും പകരം പശുക്കുട്ടിക്ക് ജനിച്ചുവീഴുന്ന സമയം മുതൽ ഫീഡിങ് ബോട്ടിലുപയോഗിച്ച് പോഷകഗുണമുള്ള മിൽക് റീപ്ലേസർ കൊടുക്കാനുമാണ് നിർദേശിക്കുന്നത്. ഒരു ദിവസം പശുക്കുട്ടി ശരാശരി 2 ലീറ്റർ പാൽ കുടിക്കുമെന്നാണ് മിൽമയുടെ കണ്ടെത്തൽ. മിൽക് റീപ്ലേസർ കുട്ടിക്കുകൊടുക്കുന്നതുവഴി 2 ലീറ്റർ പാൽ അധികമായി കർഷകനു കറന്നെടുക്കാം. മിൽക്ക് റീപ്ലേസർ പോഷകമൂല്യങ്ങൾ ഉറപ്പാക്കിയതാണ്. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ വയനാട്ടിൽ നടപ്പാക്കി വിജയിച്ചതായി മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.