ബിസ്കറ്റ് അത്ര ചെറിയ പുള്ളിയല്ല
Mail This Article
കാലത്തേ ചായയുടെ കൂടെ ബിസ്കറ്റ് കടിച്ചില്ലെങ്കിലോ ചായയിൽ മുക്കി കഴിച്ചില്ലെങ്കിലോ എന്തോ കുറവു പോലെയാണു പലർക്കും. ഇതൊരു ബ്രിട്ടിഷ് ശീലമാകുന്നു. ബ്രിട്ടിഷ് സായിപ്പാണ് ബിസ്കറ്റും ഈ ശീലവും ഇന്ത്യയിൽ കൊണ്ടുവന്നത്. ഒടുവിലെന്തായെന്നു ചോദിച്ചാൽ 1892ൽ കൊൽക്കത്തയിൽ തുടങ്ങിയ ബ്രിട്ടാനിയ മാറി നിൽക്കേണ്ടി വന്നു, ഇന്ത്യൻ ബ്രാൻഡ് പാർലെ ലോകത്തെ ഏറ്റവും വലിയ ബിസ്കറ്റ് ബ്രാൻഡായി. 16000 കോടിയിലേറെ വിറ്റുവരവ്!
ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ ബിസ്കറ്റ് വിപണി. വൻ ബ്രാൻഡുകൾക്കു പുറമേ, സർവ ബേക്കറികളിലും നാടൻ ബിസ്കറ്റ് ഉണ്ടാക്കുന്നുണ്ട്. ബേക്കറി എന്നാൽ തന്നെ പഴയ കാലത്ത് 4 സാധനങ്ങളായിരുന്നു– ബ്രഡ്, ബണ്ണ്, ബിസ്കറ്റ്, റസ്ക്. കേരളത്തിൽ ഇപ്പോഴതു മാറി. ബേക്കറി എന്നാൽ കേക്കായി! പണ്ട് ക്രിസ്മസ് കാലത്ത് മാത്രം സാധാരണക്കാർ വാങ്ങിയിരുന്ന കേക്ക് ഇന്ന് സർവ സീസണിലും സകലരും വാങ്ങുന്നു. കേക്കില്ലാത്ത വീടില്ല.
ബേക്കറികളിൽ ലഡു സ്ഥിരം ഐറ്റമായിരുന്നു പണ്ട്. എസ്എസ്എൽസി പരീക്ഷാ റിസൽറ്റ് വരുന്ന ദിവസങ്ങളിൽ ലക്ഷക്കണക്കിന് ലഡു നാടാകെ വിറ്റഴിഞ്ഞു. ഇപ്പോ പ്രമേഹക്കാരുടെ എണ്ണം കൂടിയതു കൊണ്ടാണോ, ലഡുവിന് ഡിമാൻഡ് ഇല്ല. വിജയാഘോഷത്തിന് ലഡു കൊടുക്കും. പലരും വേണ്ടെന്നു പറയും, വാങ്ങുന്നവർ തന്നെ നാലു പേർക്ക് പങ്ക് വച്ച് കഴിച്ചെന്നു വരുത്തും.
അതിനാൽ ബേക്കറികൾ ലഡുവിന്റെ വലുപ്പം കുറച്ചു. തേങ്ങയും റാഗിയും കൊണ്ടുണ്ടാക്കുന്നതും പോപ്സ് എന്നു വിളിക്കുന്നതുമായ ചെറിയ ലഡുക്കൾ രംഗത്തുവന്നു. കേക്ക് കച്ചവടം കൊഴുത്തതോടെ ഒരുപാട് പരിഷ്കാരങ്ങളും വന്നു. പുത്തൻ പരിഷ്കാരങ്ങൾക്കിടെ ബിസ്കറ്റ് അവഗണിക്കപ്പെട്ടു പോയത്രേ. ബ്രാൻഡഡ് ബിസ്കറ്റ് വിപണി അതുപോലെയുണ്ട്, ലോക്കൽ ബിസ്കറ്റാണ് പരിഷ്ക്കാരങ്ങളില്ലാതെ പോയത്. ബിസ്കറ്റ് കൊണ്ടുള്ള കുക്കീസും അവഗണിക്കപ്പെട്ടു. പരസ്യകോലാഹലവുമായി വരുന്ന വൻകിട ബിസ്കറ്റ് ബ്രാൻഡുകളുമായി മത്സരിക്കാനും കഴിയില്ല. സിനിമയിൽ ദാക്ഷായണി ബിസ്കറ്റ് നടത്തി പൊളിഞ്ഞതു വെറുതെയല്ല.
വൻകിട ബ്രാൻഡുകളുടെ ബിസ്കറ്റും ചിപ്സും മറ്റു സർവ കൊറിക്കൽ സാധനങ്ങളും അകം കാണാനാവാത്ത പാക്കറ്റുകളിലാണു വരുന്നത്. ഏതു മുറുക്കാൻ കടയിലും പാക്കറ്റുകൾ തൂങ്ങിക്കിടക്കും. പാക്കറ്റിന്റെ കാൽഭാഗം മാത്രമേ സാധനം കാണൂ, ബാക്കി വെറും കാറ്റ്. പക്ഷേ നാടൻ സാധനങ്ങൾ എന്തുണ്ടാക്കിയാലും സീത്രൂ പാക്കറ്റിലിട്ടാൽ മാത്രമേ ജനം വാങ്ങൂ. ഏത്തയ്ക്ക, കപ്പ, ചക്ക ചിപ്സുകൾ സീത്രൂ കവറിൽ ഇടുന്നത് അതുകൊണ്ടാണത്രേ.
ഒടുവിലാൻ∙ ഇന്ത്യ കണ്ടു പിടിക്കാൻ പല നാവികരും കപ്പലുകളുമായി വാസ്കോഡ ഗാമ പുറപ്പെട്ട കാലത്ത് പോർച്ചുഗലിലെ ബിസ്കറ്റ് ഫാക്ടറികളിൽ ഉൽപാദനം കൂടിയിരുന്നത്രേ. മാസങ്ങൾ നീളുന്ന കപ്പൽ യാത്രയിൽ കേടുകൂടാതിരിക്കുന്ന ബിസ്കറ്റ് വേണം!