പേരെടുക്കാൻ പേരയ്ക്കാ ചായ
Mail This Article
പാലക്കാട്∙ ‘‘ഒരു സ്ട്രോങ് പേരയ്ക്കാ ചായ...!’’ കേട്ട് അന്തം വിടേണ്ട. പാലക്കാട് ജില്ലയിലെ പെരുമാട്ടിയിലെത്തിയാൽ അങ്ങനെയും കേൾക്കാം. പെരുമാട്ടി അഗ്രോ പ്രോസസിങ് സെന്ററിലെ കേര ചിറ്റൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രണ്ട് ഇനം പേരയ്ക്കാ ചായപ്പൊടി വിപണിയിലിറക്കുന്നുണ്ട്. രണ്ടിനും നല്ല ഡിമാന്റുണ്ടെന്നു സംരംഭകർ പറയുന്നു. പഴുത്ത പേരയ്ക്ക കൊണ്ടും പേരമരത്തിന്റെ തളിരില കൊണ്ടുമാണു രണ്ടിനം ചായപ്പൊടികൾ ഉൽപാദിപ്പിക്കുന്നത്. പേരയ്ക്കയുടെ ഇല പലയിടത്തും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൈറ്റമിൻ സിയും ആന്റിഒാക്സിഡന്റും ധാരാളമായതിനാൽ പേരയ്ക്കാ ചായയ്ക്കു ഗുണവുമേറെ.
കാൽ കിലോ ഇലപ്പൊടി 200 രൂപയ്ക്കും പഴപ്പൊടി 250 രൂപയ്ക്കുമാണു വിൽക്കുന്നത്. കൃഷിയിൽ പരമ്പരാഗതരീതിയിൽ നിന്നു മാറിനടക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ആശയമാണു പേരയ്ക്കാ ചായ. കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ നബാഡ് മുഖേന പ്രൊഡ്യൂസേഴ്സ് കമ്പനി ഉണ്ടാക്കി മുന്നോട്ടുപോകാൻ അവരെ പ്രോത്സാഹിപ്പിച്ചതും സഹായിച്ചതും മികച്ച കർഷകനും ചിറ്റൂർ എംഎൽഎയുമായ മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ്. കമ്പനി അംഗങ്ങളായ 300 കൃഷിക്കാരിൽ 90% യുവാക്കളാണ്. കമ്പനി ചെയർമാൻ മീനാക്ഷിപുരത്തെ ജെ.ജ്ഞാനശരവണന് ഉൾപ്പെടെ സ്ഥാപനത്തിനു കീഴിൽ മൊത്തം 6 ഏക്കർ പേരത്തോട്ടമുണ്ട്. മികച്ച രുചിയും പോഷകവുമുള്ള അർക്കകിരണൻ പിങ്ക് ഇനം പേരയാണു കൃഷി. ഇലച്ചായ ചെടിയുടെ തളിരിലയിൽ നിന്നാണ് ഉണ്ടാക്കുന്നത്.
കൊളസ്ട്രോൾ നിയന്ത്രണത്തിനും പ്രമേഹസാധ്യത ഇല്ലാതാക്കാനും ഇതു സഹായിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം ചായ പ്രീമിയം ഉൽപന്നമായി വിപണിയിൽ ലഭ്യമാണെന്നു കമ്പനി സിഇഒ എസ്.ഷനൂജ് പറഞ്ഞു.