മികച്ച നേട്ടമുണ്ടാക്കി ഓഹരി വിപണികൾ; അമേരിക്കയുടെ ആശ്വാസം, ഇന്ത്യയുടെയും
Mail This Article
കൊച്ചി∙ മൂന്നാം വ്യാപാരദിനത്തിലും മികച്ച നേട്ടമുണ്ടാക്കി രാജ്യത്തെ ഓഹരി വിപണികൾ. വ്യാപാരത്തിനിടെ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 18,600 പോയിന്റ് കടന്നു. 18598 ൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ 63,000 കടന്ന സെൻസെക്സ് 62,846 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കയിൽ കടമെടുപ്പു പരിധി (ഡെറ്റ് സീലിങ്) ഉയർത്താൻ പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കൻ പ്രതിനിധി കെവിൻ മക്കാർത്തി അടക്കമുള്ള നേതാക്കളും നടത്തിയ ചർച്ചയിൽ തത്വത്തിൽ ധാരണയായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘം ഒഴിഞ്ഞു.
ആഗോള വിപണികളിൽ ഈ ആശ്വാസം പ്രകടമാണ്. പരിധി ഉയർത്തിയില്ലെങ്കിൽ നിലവിലെ കടം വീട്ടാനാകാതെ അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുമെന്ന ഘട്ടത്തിലെത്തിയിരുന്നു. ജൂൺ 5 ആയിരുന്നു തിരിച്ചടവിന്റെ സമയപരിധി. സമയപരിധിക്കുള്ളിൽ ധാരണയിലെത്തിയതോടെ വലിയ ആശങ്ക താൽക്കാലികമായങ്കിലും ഒഴിഞ്ഞു.ജിഡിപിയുടെ 135 ശതമാനമാണ് യുഎസിന്റെ കടം. ഇതിൽ 33% വിദേശകടമാണെന്നതാണ് പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നത്. കടമെടുപ്പിനു രണ്ടു വർഷത്തേക്ക് പരിധി ഇല്ലെങ്കിലും കടുത്ത ചെലവുചുരുക്കലുണ്ടാകും.
അതേസമയം, യുഎസിന്റെ ചെലവുചുരുക്കൽ രാജ്യത്തിന്റെ ഐടി മേഖലയെ ബാധിച്ചേക്കും. അമേരിക്കയിൽ നിന്നുള്ള ആശ്വാസ വാർത്തകൾക്കൊപ്പം രാജ്യത്തിന്റെ ജിഡിപി ഫലങ്ങൾ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും വിപണിയിലെ മുന്നേറ്റത്തിനു കാരണമായി. ടൈറ്റാൻ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എസ്ബിഐ, ഐടിസി, ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക്നോളജീസ്, പവർഗ്രിഡ്, മാരുതി, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌യുഎൽ എന്നിവയുടെ മൂല്യം ഇടിഞ്ഞു.
∙ നിഫ്റ്റി ബാങ്ക് സൂചിക റെക്കോർഡിൽ
മികച്ച നാലാംപാദഫലങ്ങളുടെ പിൻബലത്തിൽ നിഫ്റ്റി ബാങ്ക് സൂചിക റെക്കോർഡ് നേട്ടത്തിലെത്തി. കഴിഞ്ഞ 2 മാസം കൊണ്ട് 12 % നേട്ടം. ഇന്നലെ 293 പോയിന്റ് ഉയർന്ന് 44311.90 പോയിന്റിലെത്തി.
∙അഞ്ചാം സ്ഥാനം തിരിച്ചുപിടിച്ചു
3.31 ലക്ഷം കോടി ഡോളർ മൂല്യത്തോടെ രാജ്യത്തെ ഓഹരി വിപണികൾ അഞ്ചാം സ്ഥാനം തിരിച്ചുപിടിച്ചു. വിപണി മൂല്യത്തിൽ ഒന്നാമത് അമേരിക്കയാണ്. മാർച്ച് 28 മുതൽ വിപണികളിൽ നടക്കുന്ന റാലിയാണു നേട്ടത്തിനു പിന്നിൽ.