ഫുൾ സ്പീഡിൽ ഓട്ടോ ഓഹരികൾ; നേട്ടമുണ്ടാക്കി വിപണി
Mail This Article
മുംബെ. ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ നേട്ടമുണ്ടാക്കി ഇന്ത്യൻ സൂചികകള്‍. കഴിഞ്ഞ മാസം വാഹനവിപണി സജീവമായത് ഓട്ടോ സ്റ്റോക്കുകളിൽ പ്രതിഫലിച്ചു. യുഎസ് പലിശനിരക്കില്‍ മാറ്റം വരുത്തില്ലെന്ന സൂചനയാണ് വിദഗ്‍ധർ നൽകുന്നത്. ഇതും മാർക്കറ്റിനെ സ്വാധീനിച്ചിട്ടുണ്ട്. വ്യാപാരമാരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 117 പോയിന്റും നിഫ്റ്റി 39 പോയിന്റ് നേട്ടത്തിലും വ്യാപാരം നടത്തുന്നു.
മേയ് മാസത്തില്‍ മികച്ച വിൽപന റിപ്പോർട്ട് പുറത്തുവിട്ടതോടെ ഹീറോ മോട്ടോകോർപ് വിപണിയിൽ 4% വരെ മുന്നേറി. രാവിലെ 10 മണിയോടെ 2% നേട്ടത്തില്‍ 2860.9 രൂപയിലാണ് കമ്പനി വ്യാപാരം നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‍സിഡി സർക്കാർ നിർത്തലാക്കിയതോടെ ഇവി സ്കൂട്ടറുകൾക്കും വില വർധിച്ചു. ടിവിഎസ് മോട്ടോഴ്സ് വിപണിയിൽ 2% ത്തിലധികം മുന്നേറി. നിലവിൽ 1296.1 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ടിവിഎസിന്റെ ഐക്യൂബ് മോഡലുകൾക്ക് 17000–20,000 രൂപ വരെയാണ് വർധന.
നിഫ്റ്റി50യിൽ ഹിൻഡാൽകോ 2.04% ഉം ബ്രിട്ടാനിയ, ടാറ്റ സ്റ്റീൽ, ജെഎസ്‍ഡബ്ല്യൂ സ്റ്റീൽ എന്നിവ 1% ത്തിലേറെയും മുന്നേറി. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി പിഎസ്‍യു ബാങ്ക്, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി റിയൽറ്റി നേട്ടമെടുപ്പ് തുടരുന്നു.
English summary: Indian shares rise auto stocks on focus