ADVERTISEMENT

കൊച്ചി∙ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതോടെ ബാങ്കുകളിലേക്ക് നിക്ഷേപമായി ഒരു ലക്ഷം കോടി രൂപ എത്തുമെന്ന് എസ്ബിഐയുടെ സാമ്പത്തികാവലോകന റിപ്പോർട്ട്. 2000 നോട്ടുകൾ കയ്യിലുള്ളവർ ബാങ്കുകളിലെത്തിച്ച് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ഈ തുക വരുന്നത്.

രാജ്യമാകെ വായ്പകളുടെ വളർച്ച 16% ആവുകയും എന്നാൽ ബാങ്ക് നിക്ഷേപത്തിലെ വളർച്ച 10% മാത്രമാവുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. വായ്പ നൽകാൻ നിക്ഷേപപണം തികയാതെ വരുമോ എന്നതാണ് ആശങ്ക. ഒരു ലക്ഷം കോടി രൂപ അക്കൗണ്ടുകളിലേക്ക് എത്തുമെന്ന വിലയിരുത്തൽ അതിനാൽ ആശ്വാസമായി.

ആകെ വിതരണം ചെയ്യപ്പെട്ട 2000 രൂപയുടെ നോട്ടുകൾ 3.6 ലക്ഷം കോടിയുടേതാണ്. അതിൽ 60,000 കോടിയുടെ നോട്ടുകൾ കറൻസി ചെസ്റ്റുകളിൽ തന്നെയുണ്ട്. ബാക്കി  2 ലക്ഷം കോടി മുതൽ 2.1 ലക്ഷം കോടി വരെയുള്ള തുകയുടെ നോട്ടുകൾ ജനം വിവിധ ആവശ്യങ്ങൾക്കായി വിപണിയിൽ ചെലവഴിക്കും.  ഒരു ലക്ഷം കോടി സേവിങ്സ്–കറന്റ് അക്കൗണ്ടുകളിലോ സ്ഥിര നിക്ഷേപമായോ ബാങ്കുകളിലേക്കു തന്നെ തിരികെ വരുമെന്നാണ് എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.സൗമ്യകാന്തി ഘോഷിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എസ്ബിഐക്ക് 18,000 കോടി രൂപ നിക്ഷേപമായി ലഭിച്ചു. 4000 കോടി രൂപ ഉപയോക്താക്കൾ മാറ്റിയെടുത്തു.

 ആകെ ഡിജിറ്റൽ പണമിടപാടുകളുടെ 73% യുപിഐ പേയ്മെന്റ് സമ്പ്രദായം നേടിയെടുത്തുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

വ്യക്തികൾ തമ്മിലുള്ളതും വ്യക്തികളും വ്യാപാരികളും തമ്മിലുള്ളതുമായ ഇടപാടുകളിൽ യുപിഐ തന്നെ മുന്നിൽ. ആകെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 2016–17 സാമ്പത്തിക വർഷം 1.8 കോടി മാത്രമായിരുന്നെങ്കിൽ 2022–23ൽ 8375 കോടിയായി ഉയർന്നു. കൈമാറിയ തുകയും മൂല്യത്തിലും കുതിച്ചുചാട്ടമുണ്ടായി. 5 വർഷം മുൻപ് 6947 കോടി രൂപയായിരുന്നത് ഇപ്പോൾ 139 ലക്ഷം കോടിയായി!! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com