കെ സ്റ്റോർ: ബാങ്കിങ് മുതൽ നെയ്യ് വരെ
Mail This Article
തൃശൂർ ∙ സിവിൽ സപ്ലൈസ് വകുപ്പിന്റെ കെ സ്റ്റോറുകൾ വഴി ബാങ്കിങ് സേവനങ്ങളും അക്ഷയ സേവനങ്ങളും ഉൾപ്രദേശങ്ങളിലേക്കുമെത്തുന്നു. ഗ്രാമീണ ജനതയ്ക്ക് കൂടുതൽ സൗകര്യം എന്നതിനൊപ്പം റേഷൻ കടക്കാർക്ക് അധിക വരുമാനവും നൽകുകയാണ് കെ സ്റ്റോറുകൾ. സംസ്ഥാനത്തു തന്നെ ആദ്യം ആരംഭിച്ച പട്ടിക്കാട് തെക്കുംപാടത്തെ കെ സ്റ്റോർ 5 കിലോമീറ്റർ പരിധിയിലെ വരെ ജനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.സേവനങ്ങൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ എല്ലാവരിലേക്കും എത്തിയിട്ടില്ല. റേഷൻ കടക്കാർക്കും പദ്ധതി സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്നതും സിവിൽ സപ്ലൈസ് വകുപ്പിനു പ്രതിസന്ധിയാണ്.
സേവനം പലവിധം
2 കിലോമീറ്റർ പരിധിയിൽ എടിഎം, ബാങ്ക്, അക്ഷയ, മാവേലി സ്റ്റോർ, ഗ്യാസ് ഏജൻസി എന്നിവ ഇല്ലാത്ത സ്ഥലങ്ങളിലെ റേഷൻ കടകളെയാണ് പ്രാരംഭഘട്ടത്തിൽ കെ സ്റ്റോറുകൾ ആക്കി മാറ്റിയിരിക്കുന്നത്. ബാങ്കിങ് സേവനങ്ങൾ ഡിജി പേ എന്ന സാങ്കേതിക ഉപകരണം വഴിയാണു നടത്തുക. പണമെടുക്കാനും നിക്ഷേപിക്കാനും ഈ ഉപകരണം മതി. ഇതിന് കെ സ്റ്റോറുകൾക്കുള്ള സർവീസ് ചാർജ് ബാങ്ക് നൽകും. പുതുതായി അക്കൗണ്ട് ചേരാനും കഴിയും. 1000 രൂപയുടെ അക്കൗണ്ട് ചേർത്താൽ 28 രൂപ വരെയാണ് വ്യാപാരിക്ക് കമ്മിഷൻ. അക്ഷയ സെന്ററുകൾ വഴിയും കോമൺ സർവീസ് സെന്ററുകൾ വഴിയുമുള്ള സേവനങ്ങളും ഭാവിയിൽ കെ സ്റ്റോറുകളിൽ ലഭ്യമാക്കും. ഇപ്പോൾ വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ ഉൾപ്പെടെ പണമടവുകൾ മാത്രമേ ഇവർ ചെയ്യുന്നുള്ളൂ.
ഉൽപന്നങ്ങൾ
മിൽമ നെയ്യ്, പാലട മിക്സ് എന്നിവയും കെ സ്റ്റോറിൽ ലഭിക്കും. മിൽമ പാലിന്റെ വലിയ ഓർഡറുകളും സ്വീകരിക്കും. മിൽമ ഉൽപന്നങ്ങൾക്ക് വ്യാപാരികൾക്ക് 14% വരെ കമ്മിഷനുണ്ട്. 5 കിലോഗ്രാമിന്റെ ഛോട്ടു എൽപിജി സിലിണ്ടറുകളും ലഭിക്കും. ഇതിന് 45 രൂപ കമ്മിഷൻ. മാവേലി സ്റ്റോറിൽ ലഭിക്കുന്ന ശബരി ഉൽപന്നങ്ങളുമുണ്ട്. 108 കെ സ്റ്റോറുകളാണ് ഇതിനകം ആരംഭിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം അവസാനത്തോടെ 1000 കെ സ്റ്റോറുകളാണ് ലക്ഷ്യം.