അടയ്ക്ക വിപണി: തുറക്കണം സാധ്യതകൾ
Mail This Article
പെരുമ്പിലാവ് (തൃശൂർ)∙ വിപണിയിൽ അനുകൂല സാഹചര്യമാണെങ്കിലും അടയ്ക്കയുടെ ലഭ്യതയിൽ കാര്യമായ കുറവ്. ഇറക്കുമതിത്തീരുവ 100 രൂപ കൂടി വർധിപ്പിച്ചതോടെ വിദേശ അടയ്ക്കവരവിനു ചെറിയ തോതിൽ കടിഞ്ഞാൺ വീണിരുന്നു. ഇതു കർഷകർക്കു നേട്ടമാകാൻ സാധ്യതയുണ്ടെങ്കിലും ഉൽപാദനം കുറഞ്ഞതു തിരിച്ചടിയായി. വിലയിൽ കാര്യമായ വർധന ഇതുവരെ ഉണ്ടായിട്ടില്ല. സീസൺ തുടങ്ങുന്നതോടെ ഉണർവുണ്ടാകുമെന്നാണു പ്രതീക്ഷ.
ഡയറക്ടറേറ്റ് ഓഫ് അരെക്കനട്ട് ആൻഡ് സ്പൈസസ് ഡവലപ്മെന്റിന്റെ കണക്കു പ്രകാരം 2021-22ൽ കേരളത്തിലെ ഉൽപാദനം 1,03,476 ടൺ അടയ്ക്ക ആയിരുന്നു. ഇക്കൊല്ലം ഒരു ലക്ഷം ടണ്ണിൽ താഴെ എത്തുമെന്നാണു കരുതുന്നത്. രാജ്യത്ത് കേരളത്തിലും കർണാടകയിലുമാണ് ഏറ്റവും കൂടുതൽ അടയ്ക്ക ഉൽപാദിപ്പിക്കുന്നത്. സംസ്ഥാനത്ത് 93,879 ഹെക്ടർ കമുകിൻ തോട്ടമുണ്ട്. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുമാണ് ഉൽപാദനം കുറയാൻ കാരണമായതെന്നു കർഷകർ പറയുന്നു. സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്ന അടയ്ക്കയുടെ ഗുണനിലവാരത്തിലും കുറവു വന്നിട്ടുണ്ട്.
കമുകിന്റെ പരിപാലനത്തിൽ വന്ന മാറ്റങ്ങളാണു കാരണമായി പറയുന്നത്. പരമ്പരാഗത രീതികളിൽ പരിപാലിച്ചിരുന്ന തോട്ടങ്ങളിൽനിന്നു മികച്ച അടയ്ക്ക ലഭിച്ചിരുന്നു. രാസവളത്തിന്റെ ഉപയോഗം അമിതമായതും കൃത്യമായ അളവിൽ വെള്ളം ലഭിക്കാത്തതും തോട്ടങ്ങളെ പ്രതികൂലമായി ബാധിച്ചു. നിലവിൽ മികച്ച അടയ്ക്കയ്ക്ക് പുതിയത് 380 രൂപ, പഴയത് 450 രൂപ എന്നിങ്ങനെയാണു ശരാശരി വില.
സംസ്ഥാനത്ത് ചാലിശ്ശേരി, പഴഞ്ഞി, ചങ്ങരംകുളം, അമല നഗർ, പുലാമന്തോൾ, മഞ്ചേരി, പാണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മികച്ച അടയ്ക്ക മാർക്കറ്റുകളുണ്ട്. വൻകിട കർഷകർ മാത്രമാണു മിക്കപ്പോഴും മാർക്കറ്റിൽ നേരിട്ട് എത്തിച്ചു വിൽക്കുന്നത്. മറ്റുള്ളവർ ഇടനിലക്കാർക്കു വിൽക്കുകയാണു പതിവ്. അടയ്ക്ക വ്യാപാര രംഗത്തെ സഹകരണ സ്ഥാപനമായ കാംപ്കോയുടെ സംഭരണം എല്ലാ വിപണികളിലുമില്ലാത്തതു കർഷകർക്ക് തിരിച്ചടിയാണ്.