ADVERTISEMENT

കൊച്ചി∙ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നിടത്തോളം കേരളത്തിലെ യുട്യൂബർമാർ വരുമാനമുണ്ടാക്കുന്നുണ്ട് എന്നത് വലിയ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. യഥാർഥത്തിൽ സിനിമയിലെ സൂപ്പർതാരങ്ങളെപ്പോലെ കോടികൾ സമ്പാദിക്കുന്നവരാണോ യുട്യൂബർമാർ ? യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്യുന്ന എല്ലാവർക്കും വരുമാനം കിട്ടില്ല. യുട്യൂബ് പാർട്‌നർ പ്രോഗ്രാം വഴി ചാനലിൽ പരസ്യവിന്യാസത്തിന് അനുമതിയുള്ളവർക്കു മാത്രമേ വരുമാനം ലഭിക്കൂ. 

പരസ്യം കാണിക്കുന്നതിനു യു ട്യൂബ് വാങ്ങുന്ന വരുമാനത്തിന്റെ നിശ്ചിതശതമാനമാണു യുട്യൂബർക്ക് പ്രതിമാസം നൽകുന്നത്. വിഡിയോയിലുള്ള പരസ്യത്തിന്റെ സ്വഭാവം, വിഡിയോ കാണുന്നവരുടെ ലൊക്കേഷൻ എന്നിവയെ ആശ്രയിച്ച് വരുമാനം വ്യത്യാസപ്പെടും. യുട്യൂബ് ഓരോ രാജ്യത്തും ഈടാക്കുന്ന പരസ്യനിരക്കിലെ വ്യത്യാസം വരുമാനം പങ്കുവയ്ക്കുന്നതിലും പ്രതിഫലിക്കുന്നതിനാലാണിത്. ഇന്ത്യയിലുള്ളതിനെക്കാൾ പ്രേക്ഷകർ യുഎസിലുണ്ടെങ്കിൽ വരുമാനം കൂടുമെന്നു ചുരുക്കം.

പരസ്യമുള്ള വിഡിയോയിലെ ഒരു വ്യൂവിന് ഒരു ഇന്ത്യൻ യുട്യൂബർക്ക് 7 മുതൽ 35 രൂപ വരെ ലഭിക്കാം. ഒരു ലക്ഷം സബ്സ്ക്രൈബർമാരുള്ള യുട്യൂബർക്ക് പ്രതിമാസം ശരാശരി 35,000 മുതൽ 2 ലക്ഷം രൂപ വരെ വരുമാനം നേടാം. ഇന്ത്യയിൽ ഏറ്റവും വരുമാനമുണ്ടാക്കുന്ന 10% യുട്യൂബർമാർ പ്രതിമാസം ഏകദേശം 3 ലക്ഷം രൂപ വരെ സമ്പാദിക്കുന്നെന്നാണ് കണക്ക്. അതേസമയം, ഏറ്റവുമധികം ഫോളോവർമാരുള്ള ഒരു ശതമാനം യുട്യൂബർമാർക്ക് പ്രതിമാസം ശരാശരി 13 ലക്ഷം രൂപ ലഭിക്കുന്നു. 

പ്രതിമാസം 16 ലക്ഷം രൂപ നേടുന്ന കാരിമിനാറ്റി എന്നറിയപ്പെടുന്ന അജയ് നാഗർ ആണ് ഇന്ത്യയിൽ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന യുട്യൂബർ. പരസ്യവരുമാനത്തിനു പുറമേ, ചാനൽ മെംബർഷിപ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കർ എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ ഓഹരിയും യുട്യൂബർമാർക്ക് ലഭിക്കും. സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് അക്കൗണ്ടുകൾ ഈ പരിധിയിൽ വരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com