പ്രകൃതിവാതക കരുതൽ ശേഖരം തുടങ്ങാൻ ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ പ്രകൃതിവാതകം (എൽഎൻജി) കരുതിവയ്ക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം അവസാനത്തോടെ സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം. ഇതിനായി കൺസൽറ്റേഷൻ പൂർത്തിയാക്കിയ മന്ത്രാലയം വൈകാതെ മന്ത്രിസഭയുടെ അനുമതി തേടും. ലഭ്യത കുറയുമ്പോഴും വില കുതിച്ചുയരുമ്പോഴും ഇന്ത്യൻ വിപണിയെ ഇതു കാര്യമായി ബാധിക്കാതെ കരുതൽ ശേഖരം ഉറപ്പാക്കാനും വില സ്ഥിരത നൽകാനുമാണ് സ്ട്രാറ്റജിക് ഗ്യാസ് റിസർവിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
അസംസ്കൃത എണ്ണ(ക്രൂഡ് ഓയിൽ) ഈ രീതിയിൽ സംഭരിച്ചുവയ്ക്കുന്നതിന് ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിനു കീഴിൽ (ഐഎസ്പിആർഎൽ) സംഭരണ കേന്ദ്രങ്ങളുണ്ട്. ആകെ 5.33 ലീറ്റർ ടൺ ക്രൂഡ് ഓയിൽ ശേഖരത്തിനുള്ള ശേഷി ഇതിനുണ്ട്. സമാന രീതിയിൽ ഭൂഗർഭ അറയിൽ ആയിരിക്കും ഗ്യാസ് റിസർവിന്റെയും സജ്ജീകരണം.
പൊതുമേഖലകളെ ഒന്നിപ്പിച്ചുള്ള സംവിധാനം വേണോ സ്വകാര്യ സ്ഥാപനങ്ങളെ സഹകരിപ്പിക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങളാണു മന്ത്രാലയം ചർച്ച ചെയ്തത്. നിലവിൽ ഏറ്റവും വലിയ സ്ട്രാറ്റജിക് റിസർവുള്ളത് യുഎസിനാണ്. യുക്രെയ്ൻ, റഷ്യ, കാനഡ, ജർമനി, ചൈന എന്നീ രാജ്യങ്ങൾക്കും റിസർവുണ്ട്. ഇന്ത്യയുടെ 85% എൽഎൻജിയും ഇറക്കുമതിയാണ്. എൽഎൻജി ഉപയോഗത്തിൽ ലോകത്തു നാലാമതാണ് ഇന്ത്യ.