പ്രകൃതിദത്തവും മനുഷ്യദത്തവും: ഒരു വജ്ര അപാരത
Mail This Article
കൊച്ചി∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്‌നി ജിൽ ബൈഡന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊടുത്ത 'ഭാരത് കാ ഹീരാ' എന്ന ഇന്ത്യൻ നിർമിത വജ്രക്കല്ലിന് എന്ത് വില വരും? 7.5 കാരറ്റ് തൂക്കമുള്ള വജ്രം പച്ചനിറത്തിലുള്ളതും ഉയർന്ന ഗുണനിലവാരത്തിലുള്ളതുമാണ്. 15 ലക്ഷം വില കണക്കാക്കുന്നു. ഇതേ ഭാരമുള്ള യഥാർഥ വജ്രമാണെങ്കിലോ? മൂന്നിരട്ടി വില വരും.
വജ്രക്കല്ലുകൾ ലോകമെമ്പാടുമുള്ള ഖനികളിൽ നിന്നു കുഴിച്ചെടുക്കുന്നതാണ്. ലക്ഷക്കണക്കിനു വർഷം കൊണ്ട് കാർബൺ രൂപപരിണാമത്തിലൂടെ പ്രകൃതിദത്തമായത്. വിലക്കൂടുതൽ അപൂർവത കൊണ്ടാണ്. വിവാഹത്തിനും മറ്റനേകം അവസരങ്ങളിലും സമ്മാനമായി ലോകമെങ്ങും നൽകപ്പെടുന്നു. തലമുറകൾ കൈമാറുന്നു. അതിന് വൈകാരിക മൂല്യവുമുണ്ട്. യഥാർഥ വജ്രം കാലംകഴിയുന്തോറും വില കൂടുന്നതായി മാറും. വിൽക്കണമെങ്കിൽ ആവശ്യക്കാരേറെ.
മനുഷ്യ നിർമിത വജ്രങ്ങളെ ലാബ് വജ്രമെന്നും ഹരിത വജ്രമെന്നും വിളിക്കുന്നു. സൂററ്റ് പോലെ ഇന്ത്യയിലെ അനേകം നഗരങ്ങളിൽ കൃത്രിമ വജ്രം നിർമിക്കപ്പെടുന്നുണ്ട്. സൂററ്റിലെ ഗോവിന്ദ് ലാൽജി ധോലാക്കിയയുടെ ശ്രീരാമകൃഷ്ണ എക്സ്പോർട്സ് ഉദാഹരണം. കൃത്രിമ വജ്രനിർമാണത്തിന്് നവീന യന്ത്രങ്ങളും സാങ്കേതികവൈദഗ്ധ്യവും വേണം. അങ്ങനെ നിർമിച്ചെടുക്കുന്ന വജ്രക്കല്ലിന്റെ നിറം, കട്ട്, ഭാരം, തെളിച്ചം, ഗുണനിലവാരം അനുസരിച്ച് വില മാറും. ഒരു കാരറ്റിന് 30000 രൂപ മുതൽ 8 ലക്ഷം രൂപ വരെ വിലവരാം.
പക്ഷേ വജ്രാഭരണ വിൽപനയിൽ യഥാർഥ വജ്രം ലാബ് വജ്രത്തെക്കാൾ ബഹുദൂരം മുന്നിലാണെന്ന് വ്യാപാരികൾ പറയുന്നു. വിവാഹത്തിന് അപൂർവമായി മാത്രമേ ലാബ് വജ്രം വാങ്ങാറുള്ളു. അവിടെ യഥാർഥ വജ്രം തന്നെ വേണം. യഥാർഥ വജ്ര വിൽപനയുടെ 10 ശതമാനത്തിൽ കൂടില്ല ലാബ് വജ്രം.
ഉത്തരേന്ത്യയാണ് വജ്ര വ്യാപാരത്തിന്റെ കേന്ദ്രം. അവിടെ സ്വർണത്തിനൊപ്പം സ്വത്തായി വജ്രവും സൂക്ഷിക്കുന്നു. കേരളത്തിൽ അടുത്ത കാലത്താണ് വജ്രാഭരണം വ്യാപകമായത്. വജ്ര നെക്‌ലെസും വളയും മോതിരവും കമ്മലും അടങ്ങിയ സെറ്റിന് 2 ലക്ഷം രൂപ മുതൽ മുകളിലോട്ടാണു വില. സർട്ടിഫിക്കറ്റും ഗ്യരന്റി കാർഡും കിട്ടും. ലൈറ്റ് വെയ്റ്റ് വജ്രാഭരണങ്ങളും ലഭ്യമാണ്. സ്വർണം വിൽക്കുന്നതു പോലെ യഥാർഥ വജ്രം മാത്രമേ വീണ്ടും വിൽക്കാൻ കഴിയൂ. ലാബ് വജ്രത്തിന് റീസെയിൽ മൂല്യം കമ്മി.