വരണം, വില കുറഞ്ഞ ടെസ്ല
Mail This Article
ജൂൺ 20ന് യുഎസിൽ വച്ച് പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ഇലോൺ മസ്ക് ടെസ്‍ല കാറുകളും സ്റ്റാർലിങ്ക് ഇന്റർനെറ്റും സമീപഭാവിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇലക്‌ട്രിക് കാർ നിർമാണത്തിലെ മുൻനിരക്കാരായ ടെസ്‍ലയുടെ കാറുകളും ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് വീടുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ സ്റ്റാർലിങ്കും ഇന്ത്യൻ വിപണിയെയും ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെയും എങ്ങനെ സ്വാധീനിക്കുമെന്നു നോക്കാം.
ഇന്ത്യൻ ടെസ്‌ലയിൽ പ്രതീക്ഷ
ഏറ്റവും വില കുറഞ്ഞ ടെസ്‌ല കാറിന് 60 ലക്ഷം രൂപയാണ്. ഈ വില വച്ച് എങ്ങനെ ടെസ്‌ല ഇന്ത്യൻ നിരത്തുകൾ കീഴടക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കമ്പനി ഇന്ത്യയിൽ ആരംഭിക്കുന്ന ഫാക്ടറി. കുറഞ്ഞ ചെലവിൽ കാറുകൾ ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യാമെന്നതിനു പുറമേ, ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഒരു പുതിയ കാർ അവതരിപ്പിക്കുക എന്നതിനും കമ്പനി മുൻഗണന നൽകും. നിലവിലുള്ള ഇലക്‌ട്രിക് കാറുകളെക്കാൾ കുറഞ്ഞ വിലയിൽ മികച്ച കാർ എന്നതു തന്നെയാണ് ടെസ്‌ലയിൽ നിന്ന് ഇന്ത്യൻ ഉപയോക്താക്കളും പ്രതീക്ഷിക്കുന്നത്. ടാറ്റ, മഹീന്ദ്ര, എംജി എന്നീ കമ്പനികൾ ബജറ്റ് നിരയിൽ വിപണിയിലെത്തിച്ച ഇലക്ട്രിക് കാറുകൾ നേടിയ വിജയം ടെസ്‌ലയുടെ സാധ്യത വർധിപ്പിക്കുന്നുമുണ്ട്. മറ്റു കമ്പനികളെക്കാൾ ടെസ്‌ലയ്ക്കു മുൻതൂക്കമുള്ളത് ബാറ്ററി സാങ്കേതികവിദ്യയിലാണെങ്കിലും താങ്ങാവുന്ന വിലയിൽ ഒരു പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നത് കമ്പനി നേരിടുന്ന വെല്ലുവിളിയാണ്.
സ്റ്റാർലിങ്ക് എല്ലാവർക്കുമുള്ളതല്ല
ഈ വർഷം ആദ്യം സ്റ്റാർലിങ്ക് നൈജീരിയയിൽ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അവിടുത്തെ പരമ്പരാഗത ഇന്റർനെറ്റ് സേവനദാതാക്കളൊക്കെ വിപണി വിടേണ്ടി വരുമെന്നായിരുന്നു പ്രവചനം. സേവനം 6 മാസം പിന്നിടുമ്പോൾ പരമ്പരാഗത സേവനദാതാക്കൾക്കു വെല്ലുവിളിയുയർത്താൻ സ്റ്റാർലിങ്കിനു കഴിഞ്ഞിട്ടില്ല.
ടിവിയുടെ ഡിഷ് ആന്റിന ഘടിപ്പിച്ച അതേ രീതിയിൽ വേണം സ്റ്റാർലിങ്ക് ഡിഷ് സ്ഥാപിക്കാൻ. ഡിഷും റൂട്ടറുമാണ് പ്രധാന ഉപകരണങ്ങൾ. വൈദ്യുതിബന്ധവും വേണം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വരെ സേവനം ലഭ്യമാകുമെന്നതാണു സ്റ്റാർലിങ്കിന്റെ മികവ്. എന്നാൽ, ഡിഷും റൂട്ടറുമൊക്കെയായി നല്ലൊരു തുക മുതൽമുടക്ക് വേണ്ടി വരുമെന്നത് ഗ്രാമീണ ഉപയോക്താക്കളെ ആകർഷിക്കാനിടയില്ല. മഴ പെയ്യുമ്പോൾ ചാനൽ പോകുന്ന ഡിഷ് ആന്റിനയുടെ പ്രശ്നം സ്റ്റാർലിങ്കിനുമുണ്ട്.അതേ സമയം, പ്രകൃതിദുരന്തങ്ങളിലും മറ്റും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നതിനും പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് ആശയവിനിമയത്തിനും സ്റ്റാർലിങ്ക് ഫലപ്രദമാണ്. ക്രൂസ് കപ്പലുകൾക്കു വേണ്ടി കമ്പനി അവതരിപ്പിച്ചിരിക്കുന്ന സ്റ്റാർലിങ്ക് മാരിടൈം ലോകത്തെ ഒട്ടുമിക്ക ക്രൂസ് സേവനങ്ങളും വിജയകരമായി ഉപയോഗിക്കുന്നുണ്ട്.