ADVERTISEMENT

കൊച്ചി ∙ കേരളം ആസ്‌ഥാനമായുള്ള 4 വാണിജ്യ ബാങ്കുകളുടെ മൊത്തം ബിസിനസിൽ ഒരു ലക്ഷം കോടി രൂപയുടെ വർധന. 4 ബാങ്കുകളും ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ വായ്‌പയിലും നിക്ഷേപത്തിലും നേടിയ മികച്ച വളർച്ചയുടെ ഫലമാണിത്. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദം ബാങ്കിങ് വ്യവസായത്തിനു പൊതുവേ മോശമാണെന്നിരിക്കെയാണു കേരള ബാങ്കുകളുടെ നേട്ടം.

ആകെ 5,48,552.78 കോടിയുടെ ബിസിനസായിരുന്നു ഈ ബാങ്കുകൾക്ക് 2022 ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ത്രൈമാസത്തിലെ ബിസിനസ് 6,47,937.20 കോടി. പ്രവർത്തന ഫലം പരിഗണിക്കാൻ ബാങ്കുകളുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം ചേരാനിരിക്കുന്നതേയുള്ളൂ.

അതിനാൽ ഫല പ്രഖ്യാപനവും നടന്നിട്ടില്ല. എന്നാൽ ഓഹരി വിലയെ സ്വാധീനിക്കാനിടയുള്ള വിവരങ്ങൾ പരസ്യമാകുന്നതിനു മുമ്പ് അറിയിച്ചിരിക്കണമെന്ന സെക്യുരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വ്യവസ്ഥ പ്രകാരം ഒന്നാം പാദ പ്രവർത്തനവുമായി ബന്ധപ്പെട്ടു സ്‌റ്റോക് എക്‌സ്‌ചേഞ്ചുകൾക്കു സമർപിച്ചിട്ടുള്ള കണക്കുകൾ മാത്രമാണു ലഭ്യമായിട്ടുള്ളത്.

വായ്‌പ വളർച്ചയിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചിരിക്കുന്നതു സിഎസ്‌ബി ബാങ്കാണ്. 30.40 ശതമാനമാണു വാർഷികാടിസ്‌ഥാനത്തിലുള്ള വർധന. നിക്ഷേപ വളർച്ച 20.77%. ഫെഡറൽ ബാങ്കിന്റെ വായ്‌പയിലെയും നിക്ഷേപത്തിലെയും വർധന 21% വീതം. ദേശീയ ശരാശരിയെ പിന്നിലാക്കുന്നതാണു സിഎസ്‌ബി ബാങ്കിന്റെയും ഫെഡറൽ ബാങ്കിന്റെയും വായ്‌പയുടെ വളർച്ച. ധനലക്ഷ്‌മി ബാങ്കിനു വായ്‌പയിൽ 15% വളർച്ച നേടാൻ കഴിഞ്ഞു. എന്നാൽ നിക്ഷേപ വളർച്ച 6% മാത്രം. സൗത്ത് ഇന്ത്യൻ ബാങ്ക് വായ്‌പയിൽ 14.53 ശതമാനവും നിക്ഷേപത്തിൽ 8.31 ശതമാനവുമാണു വർധന നേടിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com