ADVERTISEMENT

തിരുവനന്തപുരം ∙ ഗവ. ഐടി പാർക്കുകളിൽ ഒഴിഞ്ഞ സ്ഥലങ്ങളുടെ മാർക്കറ്റിങ്ങിനായി ഇന്റർനാഷനൽ പ്രോപ്പർട്ടി കൺസൽറ്റന്റ്സിനെ സർക്കാർ നിയമിക്കാനിരിക്കെ പാർക്കുകളിൽ സ്ഥലം ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് ഒട്ടേറെ കമ്പനികൾ‌. തിരുവനന്തപുരം ടെക്നോപാർക്ക്, എറണാകുളം ഇൻഫോപാർക്ക് എന്നിവയുടെ വെബ്സൈറ്റിൽ നിന്നു ലഭ്യമായ കണക്കനുസരിച്ച് 2015 മുതൽ അപേക്ഷ സമർപ്പിച്ച 575 കമ്പനികൾക്ക് ഇനിയും സ്ഥലം അനുവദിച്ചിട്ടില്ല.

ടെക്നോപാർക്കിൽ 458 കമ്പനികളാണ് അനുമതിക്കായി കാത്തിരിക്കുന്നത്. ഫെയ്സ് ഒന്നിൽ 186, ഫെയ്സ് മൂന്നിൽ 260, ടെക്നോസിറ്റിയിൽ 12 എന്നിങ്ങനെ അപേക്ഷകൾക്ക് അനുമതി ലഭിച്ചിട്ടില്ല. ഇതിൽ 10,000 ചതുരശ്ര അടിക്കു മുകളിൽ ബിൽ‍ഡ് അപ് സ്പേസ് ആവശ്യപ്പെട്ടിട്ടുള്ള 22 കമ്പനികളുണ്ട്. തിരുവനന്തപുരം ഹബ്ബിന്റെ കീഴിൽ വരുന്ന കൊല്ലം സാറ്റലൈറ്റ് ക്യാംപസിൽ അനുമതി ലഭിക്കാത്ത 11 കമ്പനികളുണ്ട്. എറണാകുളം ടെക്നോപാർക്ക്, സാറ്റലൈറ്റ് ക്യാംപസുകളായ തൃശൂർ കൊരട്ടി, ആലപ്പുഴ ചേർത്തല എന്നിവിടങ്ങളിലായി 106 കമ്പനികളും. കോഴിക്കോട് സൈബർ പാർക്കിലും അപേക്ഷകൾ പൂർണമായി പരിഗണിച്ചിട്ടില്ല.

ടെക്നോപാർക്ക് ഫെയ്സ് ഒന്നിലും മൂന്നിലും സ്ഥലത്തിന് ആവശ്യക്കാർ കൂടുതലാണ്. നിലവിലുള്ള ഓഫിസുകൾ സറണ്ടർ ചെയ്യുന്നതിനനുസരിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഫെയ്സ് 4 ആയ ടെക്നോസിറ്റിയിൽ സ്ഥലം ലഭ്യമാണ്.

2021 ഏപ്രിൽ 1 മുതൽ ടെക്നോപാർക്കിൽ ബിൽഡ് അപ് സ്പേസിനായി എത്തിയ 386 കമ്പനികളുടെ അപേക്ഷ നിരസിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ 92 കമ്പനികൾക്കു മാത്രമാണ് അനുമതി നൽകിയത്. മികച്ച കമ്പനികളെ ഐടി പാർക്കുകളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്റർനാഷനൽ പ്രോപ്പർട്ടി കൺസൽറ്റന്റ്സിനെ നിയമിക്കാനുള്ള ഉത്തരവിനു കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അനുമതി നൽകിയത്. നിലവിൽ വിവിധ ഐടി പാർക്കുകളിലായി ഏകദേശം 1000 ഏക്കർ ഭൂമിയും 20 ദശലക്ഷം ചതുരശ്ര അടി ബിൽഡ് അപ് സ്പേസും ഒഴിഞ്ഞു കിടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com