യുകെയിൽ വമ്പൻ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ടാറ്റ
Mail This Article
മുംബൈ∙ യുകെയിൽ വമ്പൻ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ടാറ്റ ഗ്രൂപ്പ്. 400 കോടി പൗണ്ടിന്റേതാണു പദ്ധതി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഇവി ബാറ്ററി ഫാക്ടറി ആയിരിക്കുമിത്. യുകെ സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകി. കമ്പനി 2026 ൽ ബാറ്ററി ഉൽപാദനം തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വാഹന വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
2030 ഓടെ യുകെക്ക് ആവശ്യമായ ഇവി ബാറ്ററികളിൽ പകുതിയും ഉൽപാദിപ്പിക്കുന്നത് ടാറ്റയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കു പുറത്തുള്ള ടാറ്റയുടെ ആദ്യത്തെ ഇവി ബാറ്ററി ഫാക്ടറിയാണിത്. 4000 വിദഗ്ധ തൊഴിലവസരങ്ങളും 5000 മറ്റു തൊഴിലവസരങ്ങളും ഫാക്ടറി എത്തുന്നതോടെ യുകെയിൽ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇവി പ്ലാന്റിനായി ടാറ്റ സ്പെയിനിനെയും പരിഗണിച്ചിരുന്നു.