ഗോ ഫസ്റ്റിന് ഗ്രീൻ സിഗ്നൽ
Mail This Article
ന്യൂഡൽഹി∙ സർവീസ് പുനരാരംഭിക്കാൻ ഗോ ഫസ്റ്റ് വിമാന കമ്പനിക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉപാധികളോടെ അനുമതി നൽകി. 15 വിമാനങ്ങൾക്ക് പ്രതിദിനം 114 സർവീസുകൾ നടത്താം. സാമ്പത്തിക പ്രതിസന്ധിയും എൻജിനുകൾ ലഭിക്കുന്നതിലെ കാലതാമസവും മൂലം മേയ് മൂന്നിനാണ് ഗോ ഫസ്റ്റ് സർവീസ് നിർത്തിയത്. കമ്പനിയുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി, ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ എന്നിവിടങ്ങളിലുള്ള കേസുകളിലെ വിധി കൂടി കണക്കിലെടുത്ത് സർവീസുകൾ പുനരാരംഭിക്കാമെന്ന് ഡിജിസിഎ വ്യക്തമാക്കി. സർവീസ് നടത്തുന്നതിനുള്ള താൽക്കാലിക ഫണ്ടും കമ്പനി കണ്ടെത്തണം.
സർവീസ് പുനരാരംഭിക്കുന്നതിനുള്ള രൂപരേഖ കഴിഞ്ഞ മാസം 28നാണ് ഡിജിസിഎയ്ക്ക് കമ്പനി സമർപ്പിച്ചത്. 26 വിമാനങ്ങൾക്ക് പ്രതിദിനം 160 സർവീസ് നടത്താൻ കഴിയുമെന്നായിരുന്നു കമ്പനിയുടെ വാദം. പൈലറ്റുമാരുടെ ക്ഷാമം കണക്കിലെടുത്താണ് വിമാനങ്ങളുടെ എണ്ണം 15 ആയി കുറച്ചത്. പ്രതിദിനം 195 സർവീസുകളാണ് മുൻപ് ഗോ ഫസ്റ്റ് നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നിയമ ട്രൈബ്യൂണലിനെ കമ്പനി സമീപിച്ചിരുന്നു.