മാസ്ക് അഴിച്ച് ജനം; മാസ്കിട്ട് വിപണി
Mail This Article
കൊച്ചി ∙കോവിഡ് ഭീതി മാറിയതോടെ ആളുകൾ മാസ്ക് അഴിക്കുമ്പോൾ അവസാനിക്കുന്നത് മാസങ്ങൾക്കൊണ്ട് തഴച്ചുവളർന്ന മാസ്ക്‌വിപണിയും. വ്യക്തികളിൽ നിന്നുള്ള മാസ്ക് ഡിമാൻഡ് 2–3 ശതമാനത്തിലേക്ക് ഒതുങ്ങി. കോവിഡിന്റെ തുടക്കക്കാലത്ത് ഒരു സർജിക്കൽ മാസ്കിന്റെ വില 50 രൂപ വരെയെത്തിയിരുന്നു. എന്നാൽ ഇപ്പോൾ 2–3 രൂപയ്ക്കു വാങ്ങാം. ഹോൾസെയിൽ വില 1.50 രൂപ. 300– 400 രൂപയ്ക്കു വിറ്റിരുന്ന എൻ95 മാസ്ക്ന് ഇപ്പോൾ 20 രൂപ മുതൽ.
കോവിഡ് കാലത്ത് പ്രതിമാസം 15–20 ലക്ഷം രൂപയ്ക്ക് മാസ്ക് വിറ്റിരുന്നുവെങ്കിൽ ഇപ്പോഴത് 50,000 രൂപയായി കുറഞ്ഞുവെന്നു കൊച്ചിയിലെ ഒരു സ്റ്റോക്കിസ്റ്റ് പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്തതോടെ പൊതുജനങ്ങൾ മാസ്ക് ഉപയോഗിക്കുന്നതു കുറച്ചു. ആശുപത്രികളിലെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഇപ്പോൾ പ്രധാനമായും മാസ്ക് വിൽപന.
കോവിഡ് കാലത്ത് ക്ഷാമം രൂക്ഷമായതോടെ ചൈനയിൽ നിന്നാണു വൻതോതിൽ മാസ്കുകൾ ഇറക്കുമതി ചെയ്തത്. അക്കാലത്തു മാസ്കിന്റെ ഉൽപാദനം ചൈന 450% വരെ വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇറക്കുമതി കുറച്ചു. നേരത്തെ ഇറക്കുമതി ചെയ്ത സ്റ്റോക്കുകൾ പൂർണമായും വിറ്റഴിക്കാനും കഴിഞ്ഞിട്ടില്ല.
കോവിഡ് കാലത്തു സാധ്യത തിരിച്ചറിഞ്ഞു സംസ്ഥാനത്തു സർജിക്കൽ മാസ്ക് നിർമാണം തുടങ്ങിയ പല കമ്പനികൾക്കും പുതിയ സാഹചര്യത്തിൽ ഉൽപാദനം കുറയ്ക്കേണ്ടി വന്നു. മാസ്ക് നിർമാണ രംഗത്തു പ്രവർത്തിക്കുന്ന കൊല്ലത്തെ ഒരു കമ്പനി ഉൽപാദന ശേഷിയുടെ 5% മാത്രമാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്.