ADVERTISEMENT

കൊച്ചി∙ ജിഎസ്ടി കുടിശിക അടയ്ക്കാൻ നോട്ടിസ് ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ വിട്ടുപോയതാകാം, ഇൻപുട്ട് ക്രെഡിറ്റ് അനർഹമായി വാങ്ങിയെടുത്തതാകാം, റിട്ടേൺ ഫയൽ ചെയ്തതിലെ തകരാറാകാം. എന്തു തന്നെ ആയാലും പണം അടയ്ക്കും മുൻപ് ഒട്ടേറെ പോംവഴികളുണ്ടെന്ന് ജിഎസ്ടി ഉദ്യോഗസ്ഥരും ടാക്സ് പ്രാക്ടീഷനർമാരും ചൂണ്ടിക്കാട്ടുന്നു.

ഡിമാൻഡ് നോട്ടിസ് ന്യായമല്ലെന്നു തോന്നുന്നെങ്കിൽ അതിനു മറുപടി കൊടുക്കാം. നേരിട്ടു ഹാജരായോ, ഇമെയിലായോ മറുപടി നൽകാവുന്നതാണ്. ഇതിനു മറുപടി ലഭിക്കും. ചിലപ്പോൾ തുക കുറച്ചെന്നും വരാം, നിരസിച്ചെന്നും വരാം. അപ്പോൾ അപ്പീലിനു പോകാം. തീരുമാനമെടുത്ത അധികാരിയുടെ മേലധികാരിക്കാണ് അപ്പീൽ നൽകേണ്ടത്. ജോയിന്റ് കമ്മിഷണറോ, കമ്മിഷണറോ, അപ്‌ലറ്റ് ട്രൈബ്യൂണലോ ആവാം.

ഇതിലും വിധി വന്ന ശേഷം പണമടച്ചാൽ മതിയാകും. പക്ഷേ, മിക്കവരും അപ്പീലിനു പോകും മുൻപ് കുടിശിക അടയ്ക്കും. അപ്പീൽ തീരുമാനം അനുകൂലമായാൽ അടച്ചതുക പലിശ സഹിതം തിരികെ ലഭിക്കും എന്നതിനാലാണിത്. അടയ്ക്കാതിരിക്കുകയും അപ്പീൽ തീരുമാനം എതിരാകുകയും ചെയ്താൽ പലിശ സഹിതം തുക അടയ്ക്കണം. ഹൈക്കോടതിയിൽ റിട്ട് നൽകി നോട്ടിസിന് സ്റ്റേ വാങ്ങുകയെന്ന പോംവഴിയുമുണ്ട്.

നികുതിയും കുടിശികയുമെല്ലാം സിസ്റ്റത്തിലൂടെയാണു വരുന്നത്. ഉദ്യോഗസ്ഥരുടെ വ്യക്തിഗത തീരുമാനങ്ങളല്ല. മുൻപ് ഓഫിസർമാർ അസസ്മെന്റ് നടത്തി നികുതി തുക തീരുമാനിക്കുന്ന രീതി ഇപ്പോഴില്ല.

കുടിശിക നോട്ടിസ് വരുന്നതു തന്നെ റിട്ടേൺ ഫയൽ ചെയ്യുന്ന പ്രക്രിയ പൂർണമായ ശേഷമാണ്. കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് എല്ലാ മാസവും അയയ്ക്കാറുണ്ട്. പലിശ ഇനത്തിലും ഇൻപുട് നികുതി ക്രെഡിറ്റ് അധികം വാങ്ങിയെടുത്ത ഇനത്തിലും മറ്റും. പലപ്പോഴും വ്യാപാരികൾക്ക് അനുകൂല തീരുമാനം ഉണ്ടാവാറുണ്ട്. കുടിശിക വേണ്ടെന്നു വച്ചിട്ടുമുണ്ട്. അതിന് പിന്നീട് വകുപ്പുതല പുനഃപരിശോധന നടക്കാറുണ്ട്. പ്രത്യേക ഉൽപന്നം നികുതിവിധേയമല്ലെന്ന് കോടതിക്കോ അപ്‌ലറ്റ് അധികാരിക്കോ തീരുമാനിക്കാം. കുടിശിക ഒഴിവാക്കിക്കൊടുക്കാം. അല്ലെങ്കിൽ സമയം നീട്ടിക്കൊടുക്കാം.

ജിഎസ്ടിയുടെ ആദ്യവർഷങ്ങളിൽ ഇൻപുട്ട് ക്രെഡിറ്റ് വാങ്ങിച്ചെടുത്തത് കൂടിപ്പോയെന്ന് നോട്ടിസ് വന്നാലും പോംവഴിയുണ്ട്. അത്രയും ക്രെഡിറ്റ് വാങ്ങാൻ അർഹതയുള്ള നികുതി അടച്ചിട്ടുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയോ, ചാർട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയോ നൽകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com