ഇന്ധന സെസിൽ ചോർച്ച?
Mail This Article
കൊച്ചി∙ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം സെസ് ഏർപ്പെടുത്തിയതു വഴി സംസ്ഥാന സർക്കാർ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായി പിരിച്ചെടുത്തത് 197.8 കോടി രൂപ. ഏപ്രിൽ മാസത്തിൽ 7.44 കോടി രൂപയും മേയിൽ 84.76 കോടിയും ജൂണിൽ 105.6 കോടി രൂപയും സർക്കാർ ഖജനാവിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജു വാഴക്കാലയ്ക്ക് വിവരാവകാശം വഴി ലഭിച്ച രേഖകളിലാണ് ഈ കണക്കുകളുള്ളത്.
എന്നാൽ ഏപ്രിലിൽ 19.73 കോടി ലീറ്റർ പെട്രോളും മാർച്ചിൽ 20.28 കോടി ലീറ്റർ ഡീസലും സംസ്ഥാനത്തു വിറ്റതായി സർക്കാർ കണക്കുകൾ തന്നെ പറയുമ്പോൾ ഏപ്രിലിൽ സെസ് ഇനത്തിൽ ഇത്രയും തുകയുടെ കുറവു വന്നത് എങ്ങനെയെന്നു വ്യക്തമല്ല.
രണ്ടു രൂപ വർധന കണക്കാക്കിയാൽ ഏപ്രിൽ മാസത്തിൽ മാത്രം പെട്രോൾ വിൽപനയിലൂടെ 39.46 കോടി രൂപയും ഡീസൽ വിൽപനയിലൂടെ 40.56 കോടി രൂപയും സർക്കാരിനു ലഭിക്കേണ്ടതാണ്. മൊത്തം 80 കോടി രൂപയിലധികം കിട്ടേണ്ടപ്പോൾ ലഭിച്ചത് വെറും 7 കോടി. കഴിഞ്ഞ ഏപ്രിൽ 1 മുതലാണ് പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത്.