ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തു കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ചഭക്ഷണത്തിനുള്ള സബ്സിഡി ഓഗസ്റ്റ് 1 മുതൽ സർക്കാർ നിർത്തി. ഇതോടെ ജനകീയ ഹോട്ടലുകളിലെ ഉച്ചയൂണിന്റെ വില 30 രൂപയായി ഉയരും. അതതു കാലങ്ങളിലെ അവശ്യ സാധനങ്ങളുടെ വില വർധന പരിഗണിച്ച് ജനകീയ ഹോട്ടലുകളിലെ ഉച്ചഭക്ഷണത്തിന്റെ വില നിശ്ചയിക്കുക ഇനി മുതൽ ജില്ലാ ആസൂത്രണ സമിതിയായിരിക്കും.

ജനകീയ ഹോട്ടലുകൾ വഴി പ്രതിദിനം 2 ലക്ഷം ഊണാണു സംസ്ഥാനത്തു വിൽക്കുന്നത്. ഇതു കഴിച്ചു വിശപ്പടക്കിയിരുന്ന പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്നതാണു സർക്കാർ തീരുമാനം. നിലവിൽ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന് 20 രൂപയും പാഴ്സൽ ഊണിന് 25 രൂപയുമാണു നിരക്ക്. ഒരു ഊണിന് 10 രൂപയാണു സർക്കാർ സബ്സിഡിയായി നൽകിയിരുന്നത്.

‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണു ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. സാമൂഹിക ജീവിതം കോവിഡിനു മുൻപുള്ള നിലയിലായ സാഹചര്യത്തിൽ സബ്സിഡി ഒഴിവാക്കാവുന്നതാണെന്ന കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാർശ പരിഗണിച്ചാണു നടപടി. പാഴ്സൽ ഊണിന്റെ വില 35 രൂപയായും ഉയരും.

30 രൂപയുടെ ഊണിൽ ചോറ്, തോരൻ, അച്ചാർ, നാടൻ‌ വിഭവം ഉൾപ്പെടെ 3 തൊടുകറികളും ഒരു ഒഴിച്ചുകറിയും (സാമ്പാർ, രസം, മോരുകറി, പരിപ്പ്, മീൻകറി) നിർബന്ധമായും ഉണ്ടാകണമെന്നും നിർദേശമുണ്ട്. അതേസമയം, സ്പെഷൽ വിഭവങ്ങളുടെ നിരക്ക് ഹോട്ടൽ സംരംഭകർക്കു നിശ്ചയിക്കാം.

അതിദരിദ്രർ, കിടപ്പുരോഗികൾ എന്നിവർക്കു സൗജന്യ ഭക്ഷണം നൽകാമെങ്കിലും ചെലവു തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. കെട്ടിട വാടക, വൈദ്യുതി, വെള്ളം നിരക്ക് എന്നിവ തദ്ദേശ സ്ഥാപനങ്ങൾക്കു വഹിക്കാം. സിവിൽ സപ്ലൈസിൽ നിന്നു സബ്സിഡി നിരക്കിൽ അരി തുടർന്നും നൽകും.

സബ്സിഡി കുടിശിക കോടികൾ

സർക്കാർ സബ്സിഡി പ്രതീക്ഷിച്ചു ജനകീയ ഹോട്ടൽ രംഗത്തേക്ക് ഇറങ്ങിയ കുടുംബശ്രീ വനിതകളെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളി വിടുന്നതാണു സർക്കാർ തീരുമാനം. കുടുംബശ്രീക്കു കീഴിൽ പ്രവർത്തിക്കുന്ന 1100 ജനകീയ ഹോട്ടലുകൾക്കായി 30 കോടി രൂപയ്ക്കു മുകളിൽ സർക്കാർ സബ്സിഡി കുടിശിക നൽകാനുണ്ട്. പലർക്കും കഴിഞ്ഞ വർഷം നവംബർ മുതലുള്ള സബ്സിഡി കുടിശികയാണ്. വിലവർധന കൊണ്ടു ബുദ്ധിമുട്ടുന്ന ഹോട്ടലുകളിൽ പലതും സബ്സിഡി കൂടി കിട്ടാതായതോടെ പ്രതിസന്ധിയിലാകുകയും ചിലതു പൂട്ടിപ്പോകുകയും ചെയ്തിരുന്നു.

Content Highlight: Government stopped subsidy for Kudumbashree hotels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com