ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും വായ്പ; പുതിയ പ്ലാറ്റ്ഫോം 17 മുതൽ
Mail This Article
ന്യൂഡൽഹി∙ വായ്പാ തിരിച്ചടവ് ചരിത്രമില്ലാത്ത (ക്രെഡിറ്റ് ഹിസ്റ്ററി) സാധാരണക്കാർക്കും ലളിതമായി വായ്പ അനുവദിക്കാനായി റിസർവ് ബാങ്കിന്റെ നൂതനമായ പ്ലാറ്റ്ഫോം വരുന്നു. ഇതിന്റെ പൈലറ്റ് പദ്ധതി തമിഴ്നാട്, കർണാടക അടക്കം 5 സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച ആരംഭിക്കും.
വായ്‌പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് ഹിസ്റ്ററിയും ക്രെഡിറ്റ് സ്കോറും. എന്നാൽ സാധാരണക്കാരായ പലർക്കും ഇവയില്ലാത്തതുകൊണ്ട് വായ്പ ലഭിക്കുക എളുപ്പമല്ല. നിലവിൽ വായ്പ സംബന്ധമായ വിവരങ്ങൾ വിവിധ സർക്കാരുകൾ, അക്കൗണ്ട് അഗ്രിഗേറ്ററുകൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ, ഡിജിറ്റൽ ഐഡന്റിറ്റി അതോറിറ്റികൾ തുടങ്ങിയവയിലായി ചിതറിക്കിടക്കുകയാണ്.
എങ്ങനെ?
പരമ്പരാഗത ക്രെഡിറ്റ് ഹിസ്റ്ററിക്കു പകരം മറ്റ് സൂചികകൾ കൂടി പരിഗണിച്ച് വായ്പ അനുവദിക്കാനാണ് ഏകീകൃത പ്ലാറ്റ്ഫോം. ബാങ്കുകൾക്ക് ഇതിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ തിരിച്ചടവ് ശേഷി നിർണയിക്കാം.ഉദാഹരണത്തിന് ക്രെഡിറ്റ് ഹിസ്റ്ററിയില്ലാത്ത ഒരു ക്ഷീര കർഷകന്, അദ്ദേഹം ക്ഷീര സൊസൈറ്റിയിൽ സ്ഥിരമായി വിൽക്കുന്ന പാലിന്റെ ഡേറ്റയും, സ്വന്തമായുള്ള ഭൂമിയുടെ വിവരത്തിന്റെയും അടിസ്ഥാനത്തിൽ വായ്പ നൽകാം. ക്ഷീര, കാർഷിക വായ്പകൾ തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തിൽ ഊന്നൽ.
1.6 ലക്ഷം രൂപ വരെയുള്ള കിസാൻ ക്രെഡിറ്റ് വായ്പ ഇതിലുൾപ്പെടും. പലിശരഹിത എംഎസ്എംഇ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ തുടങ്ങിയവയും പ്ലാറ്റ്ഫോമിന്റെ ഭാഗമായ ബാങ്കുകൾ വഴി നൽകും.ആധാർ ഇ–കെവൈസി, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഭൂരേഖകൾ, ഉപഗ്രഹ ഡേറ്റ അടക്കം പലതരം വിവരശേഖരങ്ങൾ പരസ്പരം ബന്ധിപ്പിച്ചാണ് ഉപയോക്താക്കളുടെ തിരിച്ചടവ് ശേഷി വിലയിരുത്തുന്നത്. സഹകരണസംഘങ്ങളിൽ നിന്നുള്ള വിവരങ്ങളും ഉൾപ്പെടുത്തും. പൈലറ്റ് പദ്ധതിയിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കും. ഉപയോക്താക്കളുടെ ബയോമെട്രിക് വെരിഫിക്കേഷൻ നടത്താൻ പ്രത്യേക ഉപകരണവും മൊബൈൽ ആപ്ലിക്കേഷനും നിലവിൽ വരും.
Content Highlight: Credit History, Bank Loan