ADVERTISEMENT

ന്യൂഡൽഹി∙ അവകാശികളില്ലാതെ 10 വർഷത്തിൽ ഏറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനായി റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത പോർട്ടൽ 'ഉദ്ഗം' പ്രവർത്തനമാരംഭിച്ചു. വെബ്സൈറ്റ്: udgam.rbi.org.in

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്. ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ അവരവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പകരമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ പോർട്ടൽ. ഒരാൾക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇതുവഴി അറിയാനാകും.

ആദ്യഘട്ടത്തിൽ 7 ബാങ്കുകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റിബാങ്ക്. ബാക്കി ബാങ്കുകൾ ഒക്ടോബർ 15നകം. പൊതുമേഖലാ  ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 35,000 കോടി രൂപയിലേറെയാണ്. എസ്ബിഐയിലാണ് ഏറ്റവുമധികം പണം അവകാശികളെ കാത്ത് കിടക്കുന്നത് 8,086 കോടി രൂപ. പഞ്ചാബ് നാഷനൽ ബാങ്കിൽ 5340 കോടിയും കനറാ ബാങ്കിൽ 4558 കോടിയും കിടപ്പുണ്ട്. 

എങ്ങനെ?

∙ udgam.rbi.org.in എന്ന സൈറ്റിൽ പുതിയ അക്കൗണ്ട് റജിസ്റ്റർ ചെയ്യുക. തുടർന്ന് ലോഗിൻ ചെയ്യുക.

∙ ഹോം പേജിൽ 'Individual' എന്നതിനു താഴെ തിരയേണ്ട അക്കൗണ്ടിന്റെ ഉടമയുടെ പേര് നൽകുക. ഓരോ ബാങ്കും പ്രത്യേകമായോ, 'All' ഓപ്ഷൻ വഴി എല്ലാ ബാങ്കുകളും ഒരുമിച്ച് തിരഞ്ഞെടുത്തും സേർച് ചെയ്യാം.

'Non-Individual' ഓപ്ഷൻ വഴി സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ തിരയാം.

∙  താഴെ പാൻ, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, പാസ്‍പോർട്ട്, ജനനത്തീയതി തുടങ്ങി ഏതെങ്കിലുമൊരു വിവരവും നൽകണം. ഒന്നിലേറേ വിവരങ്ങൾ നൽകിയാൽ സേർച് കൂടുതൽ കാര്യക്ഷമമാകും. 'Show additional search criteria' വഴി ആവശ്യമെങ്കിൽ വിലാസവും സംസ്ഥാനവും നൽകാം.

∙ നിക്ഷേപം കണ്ടെത്തിയാൽ അവകാശിയെന്ന നിലയിൽ അത് ക്ലെയിം ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാം.

Content Highlight: Portal to know about unclaimed bank deposits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com