റിലയൻസിന്റെ താക്കോൽ പുതുതലമുറയിലേക്ക്
Mail This Article
മുംബൈ∙ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ റിലയൻസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക്. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് നിത അംബാനിയുടെ രാജിയും റിലയൻസിന്റെ ഇന്നലത്തെ വാർഷിക പൊതുയോഗത്തിൽ ഔദ്യോഗികമായി അംഗീകരിച്ചു. അതേസമയം, റിലയൻസ് ഫൗണ്ടേഷന്റെ ചെയർപഴ്സൻ എന്ന നിലയിൽ നിത എല്ലാ ബോർഡ് മീറ്റിങ്ങുകളിലും സ്ഥിരം ക്ഷണിതാവായി പങ്കെടുക്കും
ഇഷ, ആകാശ്, അനന്ത് എന്നിവർ ആർഐഎല്ലിലെ റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ, ഊർജം, മെറ്റീരിയൽ ബിസിനസുകളിൽ പ്രധാന പങ്കുവഹിച്ചിരുന്നെങ്കിലും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉണ്ടായിരുന്നില്ല. പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളുകയാണു തീരുമാനത്തിന്റെ ലക്ഷ്യമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഓഹരി ഉടമകളുടെ അംഗീകാരത്തിനുശേഷം ഇവർ ചുമതലയേൽക്കും. മുകേഷ് അംബാനി 5 വർഷത്തേക്കു കൂടി ചെയർമാനായി തുടരും.
ആവേശമില്ലാതെ ഓഹരി വിപണി
സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും റിലയൻസ് വാർഷിക പൊതുയോഗത്തിന്റെ ആവേശം വിപണിയിൽ പ്രകടമായില്ല. റിലയൻസ് ഇൻഡസ്ട്രീസ്, ജിയോഫിൻ എന്നിവ നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
വാർഷിക പൊതുയോഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ
∙ ജിയോ എയർ ഫൈബർ സെപ്റ്റംബർ 19 ന് അവതരിപ്പിക്കും.
∙ ജൈവമാലിന്യത്തെ ഇന്ധനമാക്കി മാറ്റുന്ന 100 സിബിജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റുകൾ തുടങ്ങും. ആദ്യ പ്ലാന്റ് ഉത്തർപ്രദേശിൽ തുടങ്ങി.
∙ 200 ദശലക്ഷം 2ജി ഉപയോക്താക്കളെ ജിയോഭാരതിലൂടെ 4ജിയിലേക്കു കൊണ്ടുവരും.
∙ വർഷാവസാനത്തോടെ 10 ലക്ഷം 5ജി സെല്ലുകൾ
∙ ജിയോ സ്മാർട് ഹോം പദ്ധതി
∙ ഇന്ത്യയ്ക്കുവേണ്ടിയുള്ള എഐ മോഡലുകൾ തയാറാക്കും. നിർമിതബുദ്ധിയുടെ സേവനം എല്ലാവരിലേക്കുമെത്തിക്കും.
∙ ബാറ്ററി ഫാക്ടറി 2026ൽ
∙ ജിയോ ട്രൂ ഡെവലപർ പ്ലാറ്റ്ഫോം
∙ കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്ത ജിയോ ഫിനാൻഷ്യൽ സർവീസ് ഇൻഷുറൻസ് മേഖലയിലേക്ക്. ഇതിനായി ആഗോള കമ്പനികളുമായി സഹകരണം.