ഉത്രാടം ‘കുടികുടിച്ചു’: വിറ്റത് 136.03 കോടിയുടെ മദ്യം
Mail This Article
തിരുവനന്തപുരം∙ ഉത്രാടദിനത്തിൽ ചില്ലറ വിൽപനശാലകൾ വഴി ബെവ്കോയും കൺസ്യൂമർഫെഡും വിറ്റത് 136.03 കോടി രൂപയുടെ മദ്യം. ബെവ്കോ 270 ഷോപ്പുകൾ വഴി 116.32 കോടി രൂപയുടെ മദ്യം വിറ്റപ്പോൾ, 45 ഷോപ്പുകളിലെ വിൽപനയിലൂടെയാണു കൺസ്യൂമർഫെഡ് 19.71 കോടി രൂപ വരുമാനമുണ്ടാക്കിയത്. മദ്യത്തിനു സെസ് ഏർപ്പെടുത്തിയത് ഇത്തവണ വരുമാനത്തിൽ പ്രതിഫലിച്ചു. 2 ബെവ്കോ ഷോപ്പുകളിലെ വിൽപന ഒരു കോടി രൂപ കവിഞ്ഞുവെന്ന പ്രത്യേകതയുണ്ട്.
കഴിഞ്ഞ വർഷം 112.07 കോടി രൂപയുടെ വിൽപന നടത്തിയ സ്ഥാനത്താണു ബെവ്കോ ഇത്തവണ 4.25 കോടിയുടെ മദ്യം അധികം വിറ്റത്. ഇരിങ്ങാലക്കുട ഷോപ്പാണു വിൽപനയിൽ ഒന്നാം സ്ഥാനത്ത്– 1.06 കോടി രൂപ. കഴിഞ്ഞ ഉത്രാടദിനത്തിൽ ഒന്നാമതെത്തിയ കൊല്ലം ആശ്രാമം പോർട്ട് ഇക്കുറി രണ്ടാമതായി– 1.01 കോടി രൂപ. ചങ്ങനാശേരി (95.78 ലക്ഷം) മൂന്നാമതെത്തി. ഇവയ്ക്കു പുറമേ, ചേർത്തല കോർട്ട് ജംക്‌ഷൻ (93.76 ലക്ഷം), പയ്യന്നൂർ (91.67 ലക്ഷം), ചാലക്കുടി (88.59 ലക്ഷം), തിരൂർ (87.91 ലക്ഷം), തിരുവനന്തപുരം പവർഹൗസ് റോഡ് (84.45 ലക്ഷം), തൃശ്ശൂർ പൊക്ലായി (82.28 ലക്ഷം), പട്ടാമ്പി കൊപ്പം (80.66 ലക്ഷം) എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെട്ടത്. ഏറ്റവും കുറവു വിൽപന നടന്നത് ഇടുക്കി ചിന്നക്കനാൽ ഷോപ്പിലാണ്. 6.32 ലക്ഷം രൂപ മാത്രമാണ് ഇവിടെ ലഭിച്ചത്. കൺസ്യൂമർഫെഡ് ഷോപ്പുകളിൽ കൊടുങ്ങല്ലൂർ (88.06 ലക്ഷം), കുന്നംകുളം (85.68 ലക്ഷം), ആലപ്പുഴ (76.10 ലക്ഷം) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.