ADVERTISEMENT

ന്യൂഡൽഹി∙ കാറുകളിലും എസ്‍യുവികളിലും 6 എയർബാഗുകൾ നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. 6 എയർബാഗുകൾ ഉണ്ടാകണമെന്ന നിബന്ധന വരുന്ന ഒക്ടോബർ 1 മുതൽ നിർബന്ധമാക്കുമെന്നാണ് കഴിഞ്ഞ വർഷം കേന്ദ്രം അറിയിച്ചിരുന്നത്. ഇതിനായി കേന്ദ്ര മോട്ടർ വാഹന ചട്ടഭേദഗതിയുടെ കരടും 2022 ജനുവരിയിൽ വിജ്ഞാപനം ചെയ്തിരുന്നു. എന്നാൽ ഇന്നലെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (എസ്ഐഎഎം) വേദിയിൽ വച്ചാണ് ഗഡ്കരി നിലപാട് മാറ്റിയത്.

‘6 എയർബാഗുകളുള്ള വാഹനമോഡലുകളാണ് ആളുകൾ താൽപര്യപ്പെടുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിർമാതാക്കളും ജനങ്ങളുമാണ്. സർക്കാർ ഇത് നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ല’ –ഗഡ്കരി പറഞ്ഞു. ഒന്നൊഴികെ ബാക്കിയെല്ലാ കമ്പനികളും 6 എയർബാഗ് ക്രമീകരിക്കാൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ കമ്പനി ഏതെന്ന് അദ്ദേഹം പരാമർശിച്ചില്ല. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് ഒക്ടോബർ ഒന്നിനു സ്റ്റാർ റേറ്റിങ് നിലവിൽ വരാനിരിക്കുകയാണ്. റേറ്റിങ് കൂടുതലുള്ള കാറുകൾ വാങ്ങാൻ കൂടുതൽ ആളുണ്ടാകുമെന്നും ഗഡ്കരി സൂചിപ്പിച്ചു. നിലവിൽ മുൻ സീറ്റുകളിൽ മാത്രമാണ് എയർബാഗ് നിർബന്ധം.

വരുന്നൂ, ഇലക്ട്രിക് ഹൈവേകൾ

ന്യൂഡൽഹി∙ ഡൽഹി– ജയ്പുർ ദേശീയപാതയും നാഗ്പുർ റിങ് റോഡും ‘ഇലക്ട്രിക് ഹൈവേ’ ആക്കി മാറ്റാൻ ഉദ്ദേശിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റോഡിന്റെ ഒരു വശത്ത് റെയിൽവേ/ മെട്രോ ലൈനിലേതിനു സമാനമായി ഓവർഹെഡ് ഇലക്ട്രിക് ലൈൻ സ്ഥാപിക്കുകയും ട്രക്ക്, ബസ് പോലെയുള്ളവ അതിലേക്ക് ബന്ധിപ്പിച്ച് ഓടിക്കാവുന്നതുമായ സംവിധാനമാണ് ഇലക്ട്രിക് ഹൈവേ. ഈ ലൈനിലൂടെ എത്തുന്ന സോളർ വൈദ്യുതിയായിരിക്കും വണ്ടിയുടെ ഇന്ധനം. പല രാജ്യങ്ങളിലും ഇലക്ട്രിക് ഹൈവേ സങ്കൽപമുണ്ട്. ഇതിൽ ഓടിക്കാനായി പ്രത്യേകമായി നിർമിക്കപ്പെട്ട വാഹനങ്ങളും വേണം. സാധാരണ റോഡിലേക്ക് കയറുമ്പോൾ ഇത്തരം വാഹനങ്ങൾ ഡീസൽ ഇന്ധനത്തിൽ ഓടും. ടാറ്റ ഗ്രൂപ്പ് ഇതുസംബന്ധിച്ച് അവതരണം നടത്തിയെന്നും ഗഡ്കരി പറഞ്ഞു.

English Summary: Six Airbags not mandatory says Union Transport Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com