ADVERTISEMENT

ജിഎസ്ടിയുടെ ആരംഭ വർഷങ്ങളിലെ സാങ്കേതിക പിഴവുകളിൽ, സർക്കാരുകൾക്കു വരുമാന നഷ്ടമില്ലാത്ത സാഹചര്യത്തിൽ, അധിക വരുമാനം ലക്ഷ്യമിട്ട് സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് വ്യാപാരി സമൂഹത്തിന്റെ ആവശ്യം. ഇവർ ഉന്നയിക്കുന്ന പ്രധാന പരാതികൾ ഇവയാണ്–

നിസാര പിഴവുകൾക്ക് ഭീമമായ പിഴ

ഡിക്ലറേഷനും സാധ്യമായ മറ്റെല്ലാ തെളിവുകളും വിശദീകരണങ്ങളും സമർപ്പിച്ച ശേഷവും GSTR 2Aയും 3Bയും തമ്മിലുള്ള വ്യത്യാസമായി വെറും 100 രൂപ വീതം CGST യിലും SGSTയിലുമായി ഒരാൾ അടയ്ക്കാനുള്ളതായി നിർണയിക്കപ്പെടുന്നുവെന്നിരിക്കട്ടെ, സ്വീകർത്താവിന്റെ കുറ്റം കൊണ്ട് അല്ലെങ്കിൽപോലും അടയ്ക്കാൻ തയാറായാൽ പിഴയായി 10000 വീതം CGSTയിലും SGSTയിലുമായി അടച്ചെങ്കിൽ മാത്രമേ നടപടികളിൽ നിന്നു മുക്തനാകൂ! എന്നാൽ IGSTയിൽ കൂടി 100 രൂപ നികുതി ബാധ്യതയുണ്ടെന്ന് നിർണയിക്കപ്പെടുന്നുവെങ്കിൽ മറ്റൊരു 20000 കൂടി ചേർത്ത് ആകെ 40000 രൂപ പിഴയടയ്ക്കണം. 300 രൂപയുടെ കുറവിന് 40,000 രൂപ പിഴ ! കുറ്റത്തിന് ആനുപാതികമായ ശിക്ഷ ഉറപ്പാക്കേണ്ടത് ജനാധിപത്യ വ്യവസ്ഥിതിയിൽ നിയമ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്.

ആദ്യ വർഷങ്ങളിൽ ലഭിച്ചിട്ടുള്ള ക്രെഡിറ്റ് നോട്ടുകൾ വ്യാപാരി തന്റെ GSTR1ൽ അബദ്ധവശാൽ സമർപ്പിക്കുകയും എന്നാൽ നികുതി ബാധ്യത അയാൾ GSTR3Bയിലൂടെ തിരിച്ചടയ്ക്കുകയും ചെയ്ത സാഹചര്യങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളിൽ ക്രെഡിറ്റ് നോട്ട് നൽകിയ വിതരണക്കാരായ വ്യാപാരികൾ അതിന്റെ ഇൻപുട്ട് ക്രെഡിറ്റ്‌ (അവരുടെ GSTR2Aയിൽ പ്രതിഫലിച്ചത് ) എടുത്തിട്ടില്ലാത്ത പക്ഷം ഡിക്ലറേഷൻ വാങ്ങി വ്യാപാരിയെ അസസ്മെന്റ് നടപടികളിൽ നിന്ന് ഒഴിവാക്കാവുന്നതേയുള്ളൂ. ഇപ്പോൾ നടക്കുന്ന നടപടികളിൽ ഭൂരിഭാഗവും ജിഎസ്ടിയുടെ ആദ്യനാളുകളിലെ സാങ്കേതിക പിഴവുകളുടെ പേരിലാണ് എന്നതാണ് വസ്തുത.

വിതരണക്കാരായ വ്യാപാരികളും  കമ്പനികളും സഹകരിക്കണം

ഡിക്ലറേഷനുകൾ (183/15/2022, 193/05/2023) നൽകി ചെറുകിട വ്യാപാരികളെ സഹായിക്കാമെന്നിരിക്കെ പല കമ്പനികളും വിതരണക്കാരും അവരുടെ അജ്ഞത കൊണ്ടും മറ്റും ഇവ സമയബന്ധിതമായി നൽകാതെയിരിക്കുന്നു. സാധനം വാങ്ങിയിട്ടുള്ള ചെറുകിട വ്യാപാരിയെ സഹായിക്കേണ്ട ഉത്തരവാദിത്തം പരിഗണിക്കാതെ അവർക്ക് നിഷേധിക്കുക കൂടി ചെയ്യുന്നത് അപലപനീയമാണ്.

ഭൂരിഭാഗം കോടതി വിധികളും സ്വീകർത്താവിന് അനുകൂലം

കൊൽക്കത്ത ഹൈക്കോടതിയുടെ സൺക്രാഫ്റ്റ് എനർജി കേസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള വിധി ഇൻപുട്ട് ക്രെഡിറ്റ് വിഷയത്തിൽ നടപടികൾ നേരിടുന്ന ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ്. വിതരണക്കാരെക്കുറിച്ച് ആവശ്യത്തിന് അന്വേഷണം നടത്താതെ GSTR-2A, GSTR-3B എന്നിവയിലെ പൊരുത്തക്കേടിന്റെ പേരിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കാനാവില്ലന്നാണ് വിധി.

സംരംഭകരുടെ സംരക്ഷണം ഉത്തരവാദിത്തം

മൂലധന ശോഷണം മൂലം വീർപ്പുമുട്ടുന്ന ചെറുകിട വ്യാപാരികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളിൽ കോടതി വിധികളുടെയും വ്യാപാര മേഖലയിൽ നിന്നുള്ള ഒട്ടേറെ നിവേദനങ്ങളുടെയും അന്തസത്ത ബന്ധപ്പെട്ടവർ ഉൾക്കൊള്ളണം. അവയെല്ലാം ജിഎസ്ടി നിയമത്തിന്റെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി അംഗീകരിക്കണം. തുക അടപ്പിക്കുകയെന്നതു മാത്രമാകരുത് ലക്ഷ്യം. ബോധപൂർവം നികുതി വെട്ടിക്കുന്ന കൗശലക്കാരനായ ഒരു വ്യാപാരിയുടെയും സംരക്ഷണം സംഘടനയുടെ ലക്ഷ്യമല്ല. എന്നാൽ നിരപരാധികൾ സംവിധാനത്തിന്റെ ബലിയാടാവാൻ ഇടവരരുത്. അവരുടെ സംരക്ഷണം നികുതി വ്യവസ്ഥിതിയുടെ കൂടി കടമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com