'പിഎം വിശ്വകർമ' പദ്ധതി: 5% പലിശയിൽ 3 ലക്ഷം രൂപ വരെ വായ്പ
Mail This Article
ന്യൂഡൽഹി∙ പരമ്പരാഗത സ്വയംതൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5% പലിശയിൽ 3 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ അടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നതാണ് 'പിഎം വിശ്വകർമ' പദ്ധതി. വായ്പയ്ക്കു പുറമേ തൊഴിലുപകരണങ്ങൾ വാങ്ങാൻ 15,000 രൂപയുടെ വൗച്ചർ, നൈപുണ്യ പരിശീലനം, സ്റ്റൈപൻഡ് അടക്കമുള്ളവ ലഭിക്കും. 13,000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.
ആനുകൂല്യങ്ങൾ
∙ അംഗീകാരം: റജിസ്ട്രേഷൻ, പരിശോധന എന്നിവ പൂർത്തിയായാൽ പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡി കാർഡും ലഭിക്കും.
∙ നൈപുണ്യ പരിശീലനം: നൈപുണ്യവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ ഓരോ മേഖലയിലും പ്രത്യേക പരിശീലനം. പ്രതിദിനം സ്റ്റൈപൻഡ് 500 രൂപ.
∙ തൊഴിലുപകരണം: തൊഴിലുപകരണം വാങ്ങാൻ 15,000 രൂപ ഇ–റുപ്പി വൗച്ചറായി ലഭിക്കും. വൗച്ചർ മറ്റാവശ്യത്തിന് ഉപയോഗിക്കാനാവില്ല.
∙ വായ്പ: 3 ലക്ഷം വരെ ഈടുരഹിത വായ്പ. വ്യക്തി നൽകേണ്ട പലിശ 5%. യഥാർഥ പലിശ 13% ആണെങ്കിലും 8% സർക്കാർ വഹിക്കും. 5–7 ദിവസത്തെ അടിസ്ഥാന നൈപുണ്യ പരിശീലനം കഴിഞ്ഞാൽ 1 ലക്ഷം രൂപ അനുവദിക്കും. 18 മാസം കൊണ്ട് തിരിച്ചടയ്ക്കുന്ന മുറയ്ക്ക് 2 ലക്ഷം രൂപ കൂടി ലഭിക്കും. ഇത് 30 മാസം കൊണ്ട് തിരിച്ചടയ്ക്കണം.
∙ ഡിജിറ്റൽ ഇടപാടുകൾ: തൊഴിലുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ഇടപാടുകൾ (യുപിഐ) നടത്തിയാൽ ഓരോ ഇടപാടിനും 1 രൂപ ആനുകൂല്യമായി ലഭിക്കും. പ്രതിമാസം 100 ഇടപാടുകൾക്ക് വരെ മാത്രം.
∙ മാർക്കറ്റിങ് പിന്തുണ: ഉൽപന്നം/സേവനം എന്നിവ ബ്രാൻഡ് ചെയ്യാനും വിപണനം ചെയ്യാനും നാഷനൽ കമ്മിറ്റി ഓഫ് മാർക്കറ്റിങ്ങിന്റെ (എൻസിഎം) പിന്തുണ.
പദ്ധതിയിൽ ചേരാൻ
∙ അടുത്തുള്ള കോമൺ സർവീസ് സെന്ററുകൾ (സിഎസ്സി) വഴിയോ pmvishwakarma.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടോ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ സൗജന്യം.
∙ ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, റേഷൻ കാർഡ് വിവരങ്ങൾ അടക്കം നൽകണം. റേഷൻ കാർഡ് ഇല്ലെങ്കിൽ എല്ലാ കുടുംബാംഗങ്ങളുടെയും ആധാർ നൽകണം.
∙ റജിസ്ട്രേഷനു ശേഷം 3 തലത്തിലുള്ള പരിശോധനയുണ്ടാകും 1) തദ്ദേശസ്ഥാപന മേധാവി വഴി 2) ജില്ല ഇംപ്ലിമെന്റേഷൻ സമിതി വഴി 3) ജില്ലാതല സ്ക്രീനിങ് സമിതി വഴി. ഇതുകഴിഞ്ഞാൽ മാത്രമേ അപേക്ഷ അംഗീകരിക്കൂ.
സംശയങ്ങൾക്ക്: ഇമെയിൽ: pm-vishwakarma@dcmsme.gov.in കേരള നോഡൽ ഓഫിസർ: 9447698615
ആർക്കൊക്കെ?
സ്വയം തൊഴിലായി പരമ്പരാഗത ജോലികൾ ചെയ്യുന്നവർക്ക്. 18 വിഭാഗങ്ങൾ ആദ്യഘട്ടത്തിൽ. മിനിമം പ്രായം: 18. കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് പിഎംഇജിപി, പിഎം സ്വാനിധി, മുദ്ര അടക്കമുള്ള കേന്ദ്ര/സംസ്ഥാന വായ്പകൾ എടുത്തവരാകരുത്. എന്നാൽ മുദ്ര, സ്വാനിധി വായ്പകൾ പൂർണമായും തിരിച്ചടച്ചവരെങ്കിൽ അപേക്ഷിക്കാം. ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവരടങ്ങിയ ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ. സർക്കാർ സർവീസിലുള്ളവർക്കും കുടുംബത്തിനും അർഹതയില്ല.
അർഹരായ 18 വിഭാഗങ്ങൾമരപ്പണിക്കാർ, തയ്യൽക്കാർ, ശിൽപികൾ, ചെരിപ്പ് നന്നാക്കുന്നവർ, വള്ളമുണ്ടാക്കുന്നവർ, കൊല്ലപ്പണിക്കാർ, താഴ് നിർമിക്കുന്നവർ, അലക്കുതൊഴിലാളികൾ, ബാർബർ, സ്വർണപ്പണിക്കാർ, കളിമൺപാത്രങ്ങളുണ്ടാക്കുന്നവർ, മേസ്തിരിമാർ, കളിപ്പാട്ട നിർമാതാക്കൾ, മാല കോർക്കുന്നവർ, ചുറ്റിക അടക്കമുള്ള തൊഴിലുപകരണങ്ങളുണ്ടാക്കുന്നവർ, കുട്ട/ചവിട്ടി/ചൂൽ/കയർ ഉണ്ടാക്കുന്നവർ, മീൻവല നെയ്യുന്നവർ.
സംസ്ഥാനം പ്രവർത്തനം ഊർജിതമാക്കി
തിരുവനന്തപുരം ∙ പിഎം വിശ്വകർമ പദ്ധതി നടപ്പാക്കുന്നതിനു സംസ്ഥാനം പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിനാവശ്യമായ ഉത്തരവുകൾ ഇന്നലെ പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി ക്രമേണ ഇതര ജില്ലകളിലേക്കു വ്യാപിപ്പിക്കും. അപേക്ഷകൾ പരിശോധിച്ചു പഞ്ചായത്ത് പ്രസിഡന്റോ അവർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തണം. ശേഷം കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ല സമിതിയും വ്യവസായ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സമിതിയും പരിശോധിക്കും. തുടർന്നു തൊഴിലാളിക്ക് പിഎം വിശ്വകർമ ഡിജിറ്റൽ കാർഡ് ലഭ്യമാക്കുമെന്നു കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ.ജി.അജിത് കുമാർ പറഞ്ഞു.
Content Highlight: PM Viswakarma Project