കാനഡയുടെ ഓഹരി നിക്ഷേപം: ആശങ്കയോടെ ഇന്ത്യൻ വിപണി
Mail This Article
ഇന്ത്യ - കാനഡ ബന്ധം അനുദിനം വഷളാകുമ്പോൾ ഇന്ത്യൻ ഓഹരി വിപണിയിലും നേരിയ ആശങ്ക. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് (സിപിപിഐബി) കാനഡ പെൻഷൻ പ്ലാൻ വഴി ഇന്ത്യൻ കമ്പനികളിൽ നടത്തിയ നിക്ഷേപമാണ് ആശങ്കകൾക്കു കാരണം. പ്രമുഖ കമ്പനികളിലും രാജ്യത്തിന്റെ പുതു തലമുറ കമ്പനികളിലും സിപിപിഐബിക്ക് നിക്ഷേപമുണ്ട്.
അതേസമയം, നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിലുണ്ടായാലും നിക്ഷേപം ഒറ്റയടിക്കു പിൻവലിക്കാനുള്ള സാധ്യതകൾ നിലവിലില്ല. ഇന്ത്യൻ വിപണികളിൽ നിന്നു ലഭിക്കുന്ന മികച്ച വരുമാനമാണ് ഇതിനു കാരണം. കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, വിപ്രോ തുടങ്ങി ഒട്ടേറെ വൻകിട കമ്പനികളിൽ കനേഡിയൻ നിക്ഷേപമുണ്ട്. ചില കമ്പനികളിൽ വിൽപന സമ്മർദം നേരിടുന്നുണ്ട്. ഇന്ത്യയിൽ നിക്ഷേപമുള്ള വിദേശ രാജ്യങ്ങളിൽ കാനഡയുടെ സ്ഥാനം 17 ആണ്.
റിയൽ എസ്റ്റേറ്റ്, പുനരുപയോഗ ഊർജം, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ മേഖലകളിലുള്ള കമ്പനികളിലെ നിക്ഷേപം 1500 കോടി ഡോളറായി കഴിഞ്ഞ മാർച്ചോടെ വർധിപ്പിച്ചിരുന്നു. സൊമാറ്റൊ, നൈക തുടങ്ങി ഓഹരി വിപണിയിലേക്ക് കഴിഞ്ഞവർഷങ്ങളിലെത്തിയ പുതുതലമുറ കമ്പനികളിലും സിപിപിഐബിക്ക് നിക്ഷേപമുണ്ട്. പുതു തലമുറയിലെ 9 കമ്പനികളിൽ മാത്രം 200 കോടി ഡോളറിന്റെ നിക്ഷേപമാണുള്ളത്. ലിസ്റ്റഡ് അല്ലാത്ത കമ്പനികളിലും കാനഡയുടെ നിക്ഷേപമുണ്ട്. ബോണ്ടുകളിലും കാനഡയ്ക്ക് നിക്ഷേപമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾക്ക് കാനഡയിലും നിക്ഷേപമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഐടി കമ്പനികളുടെ സംഘടനയായ നാസ്കോം പറയുന്നത്.
Content Highlight: Canada-India row Canada pension fund