ഡോ.എം.ബീന ഹാൻഡ്‌ലൂംസ് ഡവലപ്മെന്റ് കമ്മിഷണർ ആയേക്കും
Mail This Article
കൊച്ചി∙ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലെ ഹാൻഡ്‌ലൂംസ് ഡവലപ്മെന്റ് കമ്മിഷണർ ആകാൻ ഡോ.എം.ബീന. കൊച്ചി പോർട്ട് അതോറിറ്റി ചെയർപഴ്സനായി 5 വർഷത്തെ സേവനത്തിനു ശേഷമാണു പുതിയ നിയമനം. ബി.കാശിവിശ്വനാഥൻ കൊച്ചി പോർട്ട് അതോറിറ്റിയുടെ അമരത്തെത്തിയേക്കും. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റി നൽകിയ നിയമന ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. അദ്ദേഹം രണ്ടാഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കുമെന്നാണു സൂചന.
കോവിഡ് മഹാമാരിക്കാലത്ത് ആഗോള വാണിജ്യമേഖല പ്രതിസന്ധി നേരിട്ട വേളയിൽ കൊച്ചി തുറമുഖ പ്രവർത്തനങ്ങൾക്കു മികച്ച രീതിയിൽ നേതൃത്വം നൽകിയത് ഡോ.ബീനയാണ്. ഡോ.ബീനയുടെ നേതൃത്വത്തിലാണു പോർട്ട് ട്രസ്റ്റ്, പോർട്ട് അതോറിറ്റിയായി മാറിയതും.
കൊച്ചി തുറമുഖത്തെ നയിച്ച ആദ്യ വനിതാ സാരഥി കൂടിയാണു ഡോ.ബീന. എറണാകുളം, തൃശൂർ ജില്ലകളിൽ കലക്ടർ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ, തിരുവനന്തപുരം സ്മാർട് സിറ്റി മിഷൻ സിഇഒ, വിവിധ വകുപ്പുകളിൽ ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ഐജി പി.വിജയനാണു ഭർത്താവ്. ബെംഗളൂരു ഐടിഐ ലിമിറ്റഡ് ചീഫ് വിജിലൻസ് ഓഫിസറാണു തമിഴ്നാട് സ്വദേശിയായ ബി. കാശിവിശ്വനാഥൻ.