ലാഭത്തിലേക്കു പാഞ്ഞ് കൊച്ചി മെട്രോ
Mail This Article
കൊച്ചി ∙ സർവീസ് ആരംഭിച്ച് 6ാം വർഷത്തിൽ കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ. ടിക്കറ്റ് വരുമാനവും ടിക്കറ്റ് ഇതര വരുമാനവും പ്രവർത്തന ചെലവിനെക്കാൾ ഉയർന്നപ്പോൾ ഇൗ സാമ്പത്തിക വർഷം 5.32 കോടി രൂപ ലാഭം.2020–21 സാമ്പത്തിക വർഷം 56.56 കോടി രൂപയും 21–22 ൽ 34.94 കോടി രൂപയും പ്രവർത്തന നഷ്ടം ഉണ്ടായിടത്താണു ചെലവു ചുരുക്കിയും കൂടുതൽ യാത്രക്കാരെ ആകർഷിച്ചും മെട്രോ പ്രവർത്തന ലാഭം നേടിയതെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
പ്രവർത്തന ലാഭം നേടിയെങ്കിലും മെട്രോ ലാഭത്തിലാണെന്നു പറയാനാവില്ല. നിർമാണത്തിനു വേണ്ടിയെടുത്ത വായ്പയും അതിന്റെ പലിശയും ഉൾപ്പെടെ കൂട്ടുമ്പോൾ മെട്രോയുടെ നഷ്ടം നികത്താൻ ഇനിയും വർഷങ്ങൾ വേണ്ടിവരും.6ാം വർഷത്തിൽ പ്രവർത്തന ലാഭം നേടുകയെന്നത് ഏതൊരു മെട്രോയെ സംബന്ധിച്ചും അഭിമാനകരമാണ്. 2017 ജൂണിൽ 59894 യാത്രക്കാരുമായി ആദ്യ ദിന സർവീസ് തുടങ്ങിയ മെട്രോയിൽ, ഐഎസ്എൽ മത്സരങ്ങൾ തുടങ്ങിയ വ്യാഴാഴ്ച 1.27 ലക്ഷം ആളുകൾ യാത്ര ചെയ്തു. 2019 ഒക്ടോബറിലാണു മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ 60000 കടന്നത്. എന്നാൽ കോവിഡ് കാലത്ത് ഇത് 12000 വരെ താഴ്ന്നു. 2022 സെപ്റ്റംബറിനും നവംബറിനുമിടക്കു യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു. 2023 ജനുവരിയിൽ 80000 കടന്നു.
യാത്രക്കാരുടെ എണ്ണത്തിലെ വർധന ടിക്കറ്റ് വരുമാനവും ഉയർത്തി. 2020-21 ൽ 12.90 കോടി രൂപ 2022-23 ൽ 75.49 കോടി രൂപയായി ഉയർന്നു. ടിക്കറ്റ് ഇതര വരുമാനം 20–21 ൽ 41.42 കോടിയിൽ നിന്ന് 22–23 ൽ 58.55 കോടി രൂപയായി. രണ്ടും കൂട്ടുമ്പോൾ 20–21 ലെ ആകെ വരുമാനം 54.32 കോടി യിൽ നിന്ന് 22–23 ൽ134.04 കോടിയായി ഉയർന്നു.
തൃപ്പൂണിത്തുറ വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ സ്റ്റേഷനുകളുടെ പ്രവർത്തനം കൂടി കഴിഞ്ഞ വർഷം ആരംഭിച്ചെങ്കിലും മുൻ വർഷത്തെക്കാൾ പ്രവർത്തന ചെലവിൽ 15% വർധന മാത്രം.മെട്രോ നിർമാണത്തിനെടുത്ത വായ്പയുടെ തിരിച്ചടവ് സംസ്ഥാന സർക്കാരാണു നടത്തുന്നത്. പ്രവർത്തന ലാഭം സർക്കാരിന്റെ മേലുള്ള അധിക ആശ്രയത്വം ഒഴിവാക്കാൻ കെഎംആർഎലിനെ സഹായിക്കും.
Content Highlight: Kochi Metro earns profit